പൊന്നാനി-എടപ്പാള്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
എടപ്പാള്‍: മതിയായ സുരക്ഷസംവിധാനങ്ങളില്ലാത്തതിനാല് പൊന്നാനി-എടപ്പാള്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.
ഇന്നലെ വൈകിട്ട് ആറേകാലിന് തുയ്യം ജി.എല്‍.പി സ്കൂളിന് മുന്നില്‍ നടന്ന അപകടമാണ് ഒടുവിലത്തേത്. ഇന്നലെ നടന്ന അപകടത്തില്‍ പൊന്നാനി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഇന്നലെ അപകടം നടന്നതിന് മീറ്ററുകള്‍ക്കപ്പുറത്ത് എം.എല്‍.എ പടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പൊലിസിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന് സമീപത്ത് തന്നെയാണ് ഇന്നലത്തെ അപകടം. ഇതിന് മുമ്പ് കാറിടിച്ച് ഒരു ബൈക്ക് യാത്രികന് മരിച്ചതും ഇതിന് സമീപത്ത് തന്നെയാണ്. നാല് പേരുടെ മരണത്തിനിടയാക്കിയ കാറപകടം നടന്നത് ഇവിടെ നിന്നും കിലോമീറ്ററുകള്‍ മാത്രം അപ്പുറത്താണ്. അന്ന് സംസ്ഥാന ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികളും അവരെ സ്വീകരിക്കാന്‍ പോയ ബന്ധുവുമടക്കം നാലുപേരാണ് അന്നു അപകടത്തില്‍ മരിച്ചത്. ഇതിന് പുറമെ വലുതും ചെറുതുമായ അപകടങ്ങളില്‍ പലരും മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായതിന് ശേഷമാണ് അപകടങ്ങള്‍ കൂടുതലായത്.
ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളൊ മുന്നറിയിപ്പ് ബോര്‍ഡുകളൊ ഇല്ലാത്തത് അപകട സാധ്യത വര്‍ധിക്കുന്നു. ചമ്രവട്ടം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചു. വഴിയറിയാതെ എത്തുന്ന ഇത്തരം വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് ബോഡുകളില്ലാത്തത് അപകട തീവ്രത വര്‍ധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."