വയോധികര്‍ക്ക് ആശ്വാസമാകാന്‍ 'പകല്‍വീട് ' ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ
കോഴിക്കോട്: വാര്‍ധക്യ കാലത്ത് ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ 'പകല്‍വീട് ' ഒരുങ്ങുന്നു. പ്രായമുള്ളവര്‍ മുതല്‍ പിഞ്ചുകുഞ്ഞുങ്ങളെ വരെ അതിഥികളായി സ്വീകരിച്ച് ആസ്വാദ്യകരമായ പകല്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു കോര്‍പറേഷനും കുടുംബശ്രീയും ഹെവന്‍ ഓണ്‍ എര്‍ത്ത് ഡേ ഹോം പദ്ധതിയുമായി രംഗത്തെത്തിയത്.
വികേന്ദ്രീകൃതാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെന്‍ട്രല്‍ സി.ഡി.എസിന്റെ പരിധിയിലുള്ള കോവൂര്‍, കുടില്‍തോട്, മായനാട്, മെഡിക്കല്‍ കോളജ് വാര്‍ഡുകളിലെ ആറ് അംഗങ്ങള്‍ ചേര്‍ന്നാണു പുതിയ പദ്ധതി ആരംഭിച്ചത്. ജോലിക്കു പോവുന്ന കുടുംബത്തിലെ പ്രായമുള്ളവര്‍ക്കു പകലുകള്‍ സന്തോഷകരമായി ചെലവഴിക്കാനുള്ള ഇടം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 60 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമാണ് 'പകല്‍വീട്ടില്‍' പ്രവേശനം അനുവദിക്കുകയുള്ളൂ. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ ഇവര്‍ക്ക് ഇവിടെ ചെലവഴിക്കാം. പോഷക സമൃദ്ധമായ ഭക്ഷണം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഇവിടെ ലഭ്യമാണ്.
2,500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പ്രതിമാസ വാടക 5,000 രൂപയാണ്. ഇതോടൊപ്പം തന്നെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കായുള്ള ഡേ കെയര്‍ സൗകര്യവും ഒരുക്കുന്നുണ്ട്. പത്തുമാസം മുതല്‍ രണ്ടര വയസുവരെയുള്ള കുട്ടികള്‍ക്കാണു പ്രവേശനം നല്‍കുന്നത്. പ്രവേശനഫീസ് 2,500 രൂപയും പ്രതിമാസം 3,500 രൂപയുമാണ് ഇതിനായി ഈടാക്കുന്നത്. കൂടാതെ സ്കൂള്‍ സമയം കഴിഞ്ഞു വീട്ടില്‍ ഒറ്റയ്ക്കാവുന്ന കുഞ്ഞുങ്ങള്‍ക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. 1,000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പ്രതിമാസം 1,800 രൂപയാണ്. തൊണ്ടയാട് ചിന്മയ മിഷന് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്താണു 'പകല്‍വീട് ' ഒരുക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം നാളെ 12നു മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, എം.എം പത്മാവതി, കെ. ബീന, എ. ശോഭന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."