പഞ്ചായത്തില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിയന്ത്രണം
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കാണ് നിയന്ത്രണം
കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഏപ്രില്‍ ഒന്നു മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരിക. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയാല്‍ അവ പിടിച്ചെടുത്ത് പിഴ ഈടാക്കും. പ്ലാസ്റ്റിക് കവറില്‍ സാധനങ്ങള്‍ നല്‍കുന്ന കച്ചവട സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഫീസായി മാസത്തില്‍ 4000 രൂപ അടച്ച് ഗ്രാമപഞ്ചായത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫീസടക്കുന്നത് കാരണം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ക്ലീന്‍ പെരുവയല്‍ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ് യൂനിറ്റുകളിലേക്ക് എത്തിച്ചിരുന്നു. 900 ടണ്‍ മാലിന്യങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്.
വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കുന്നതിന് ബോധവല്‍ക്കരണം നടത്തുകയും ബദല്‍ സംവിധാനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഗ്രാമപ്പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങി നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ചുരുങ്ങിയ വാടകയ്ക്ക് ഇവലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ബോധവല്‍ക്കരണത്തിനായി പഞ്ചായത്ത് തലത്തിലും ടൗണ്‍ തലത്തിലും വ്യാപാരികളുടെ യോഗങ്ങളും, വീടുകളില്‍ ലഘുലേഖാ വിതരണവും നടത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീന്‍, പേഴ്‌സണ്‍ സഫിയ മാക്കിനിയാട്ട്, സെക്രട്ടറി എ.കെ വിശ്വനാഥന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സെമീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."