സകാത്ത്: നാം ഇടപെടേണ്ടതുണ്ട്
അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഒന്നാണ് സമ്പത്ത് സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും. അല്ലാഹു പറഞ്ഞ രീതിയിലും വഴിയിലുമായിരിക്കണം എങ്ങനെ സമ്പാദിച്ചു എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യം ഓര്‍ത്തു കൊണ്ടായിരിക്കണം സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടേണ്ടത്. സമ്പത്തിനെ ആന്തരിക മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കുവാനും ശരീരത്തേയും മനസ്സിനെയും സംസ്‌കരിച്ചെടുക്കുവാനുമുള്ളതാണ് സകാത്ത്.
നിസ്‌കാരവും നോമ്പും, ഹജ്ജും ഗൗരവത്തിലെടുക്കുന്നവര്‍ ഇസ്്‌ലാമിലെ പഞ്ചസ്തംഭങ്ങില്‍ ഒന്നായ സകാത്തില്‍ അറച്ച് നില്‍ക്കുന്നത് ബോധവല്‍ക്കരണത്തിന്റെയോ പ്രായോഗിക വല്‍ക്കരണത്തിന്റെയോ അഭാവം മൂലമാണ്.
കോടിക്കണക്കിന് രൂപ ഓരോ നാടുകളിലും സകാത്ത് ഇനത്തില്‍ ഇന്ന് നല്‍കപ്പെടുന്നുണ്ട്, പക്ഷെ സ്വീകര്‍ത്താക്കളില്‍ ഒരാള്‍ പോലും ആവശ്യം തീര്‍ന്നവനാകുന്നില്ല. തന്റെ പ്രശ്‌നപരിഹാരത്തിന് തികയുന്നത് ലഭിക്കുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണം. ഒരു ലക്ഷം രൂപ സകാത്ത് ഇനത്തില്‍ നല്‍കുന്നയാള്‍ അഞ്ഞൂറും ആയിരവുമായി നൂറിലേറെ പേര്‍ക്കാണ് തന്റെ സകാത്ത് വീതിക്കുന്നത്.
സകാത്തിന്റെ അവകാശികളായ എട്ട് വിഭാഗത്തില്‍ ഫഖീര്‍ (നിത്യ ജീവിത ചെലവുകളുടെ നാല്‍പത് ശതമാനത്തില്‍ താഴെ മാത്രം വരുമാനമുള്ളവര്‍) മിസ്‌കീന്‍ (നിത്യ ജീവിത ചെലവുകളുടെ നാല്‍പത് ശതമാനത്തില്‍ മീതെയും എന്നാല്‍ എണ്‍പതില്‍ താഴെയും മാത്രം വരുമാനമുള്ളവര്‍) കടം കൊണ്ട് വലഞ്ഞവന്‍ (തെറ്റല്ലാത്ത കാര്യങ്ങള്‍ക്ക് കടം വാങ്ങി വീട്ടാന്‍ നിര്‍വാഹമില്ലാത്തവന്‍) എന്നീ മൂന്ന് വിഭാഗമാണ് നമ്മുടെ നാടുകളില്‍ വ്യാപകമായി ഇന്നുള്ളത്്്. ഓരോ നാട്ടിലും സകാത്ത് നല്‍കുന്നവര്‍ മേല്‍ വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നില്‍ കുറയാത്ത ആളുകള്‍ക്ക് തന്റെ സക്കാത്ത് ഓരോ വര്‍ഷവും നല്‍കുന്നുവെങ്കില്‍ തന്നെ അവരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വഴിയൊരുങ്ങും.
വന്നു ചോദിക്കുന്ന യാചകര്‍ക്കെല്ലാം സകാത്ത് നല്‍കുന്നവര്‍, അവര്‍ അവകാശികളാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് .അവകാശികളല്ലാത്തവര്‍ക്ക് സ്വദഖയാകാം,സകാത്ത് പറ്റില്ല. അര്‍ഹരല്ലാത്തവര്‍ വേഷംകെട്ടി യാചന നടത്തുന്നത് നാം അറിഞ്ഞിരിക്കണം. കണ്ടവര്‍ക്കെല്ലാം സകാത്ത് നല്‍കി അവരെല്ലാം അവകാശികളായിരിക്കും എന്ന് സമാധാനിക്കുന്നതില്‍ അര്‍ത്ഥമില്ല.
അവകാശികള്‍ക്ക് ആവശ്യം തീരുന്ന നിലയില്‍ നല്‍കലാണ് സകാത്തിന്റെ രീതി. കച്ചവടം അറിയുന്നവര്‍ക്ക് അതിനാവശ്യമായതും കൈ തൊഴില്‍ അറിയുന്നവന് തൊഴിലുപകരണത്തിന് ആവശ്യമായതും അദ്ധ്വാന ശേഷിയില്ലാത്തവന് ആയുസ്സില്‍ ശേഷിക്കുന്ന കാലത്തേക്ക് ആവശ്യമായതും നല്‍കണമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.
ഇസ്്‌ലാമിക ഭരണകൂടവും ഇമാമും മറ്റും ഉള്ളിടത്ത് ഇത് വളരെ എളുപ്പത്തിലും കൃത്യതയിലുമാകും. സമഗ്രവും സമകാലികവുമായ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തും അതിന്റെ പ്രത്യക്ഷമായ നേട്ടവും എന്തെങ്കിലും കാരണവശാല്‍ സമുദായത്തിന് നഷ്ടപ്പെടേണ്ടതല്ല.
സകാത്ത് വിതരണത്തിന് വിശാലമായ കര്‍മശാസ്ത്രം തുറന്നുതന്ന വ്യത്യസ്തങ്ങളായ വഴികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നാം അലംഭാവം കാണിക്കരുത്.
അത് കൃത്യതയില്ലാത്ത സകാത്ത് കമ്മറ്റികളും മറ്റും തഴച്ചു വളരാന്‍ കാരണമാകും. നിര്‍ണിത വ്യക്തിയോ വ്യക്തികളോ അല്ലാത്തതും, ഫീ സബീലില്ലാഹ് എന്നതിന് അനര്‍ഥം നല്‍കി സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപന നടത്തിപ്പുകള്‍ക്കും പവിത്രമായ സകാത്തിനെ തിരിച്ചു വിടുന്നതും ജമാഅത്തെ ഇസ്്‌ലാമിയുടെയും മുജാഹിദിന്റെയും നേതൃത്വത്തിലുള്ള സകാത്ത് കമ്മറ്റികള്‍ എതിര്‍ക്കപ്പെടാനുള്ള പലകാരണങ്ങളില്‍ ചിലതാണ്.
നിസ്‌കരിക്കാന്‍ സ്ത്രീ പള്ളിയിലേക്ക് പോകേണ്ടതില്ല. അത് ശരിയല്ല എന്ന് ശക്തിയുക്തം സമര്‍ഥിക്കുന്നതോടെ തന്നെ, യാത്രക്കാരായ സ്ത്രീകള്‍ക്ക് വഴിയോരങ്ങളില്‍ മസ്ജിദുകള്‍ക്ക് പരിസരവും മറ്റും നിസ്‌കാരസൗകര്യം ഒരുക്കുന്നതില്‍ വിജയിച്ചവരാണ് നാം.
ഇസ്‌ലാമിക കര്‍മശാസ്ത്രം അനുവദിക്കുന്ന വഴികള്‍ ഉപയോഗപ്പെടുത്തി സകാത്ത് ഏകീകരണ രീതികള്‍ രൂപപ്പെടുത്തി പ്രയോഗവത്കരിക്കുന്നതില്‍ നാം ഇനിയും മടിച്ചുനില്‍ക്കരുത്.
ഓരോ മഹല്ലിലേയും സകാത്ത് നല്‍കുന്നവരുമായി കൂടിയാലോചിച്ച് അന്നാട്ടിലെ അവകാശികളെ കുറിച്ച് കൃത്യമായ പഠനം നടത്തി അവകാശി വിഭാഗങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന പത്തോ പതിനഞ്ചോ പേരിലേക്ക് അവരുടെ ആവശ്യം തീര്‍ക്കുവാനുള്ള സംഖ്യ കേന്ദ്രീകരിക്കുന്ന നിലയില്‍ എളിയശ്രമങ്ങള്‍ നടത്തിയാല്‍ സമുദായത്തിന് ഏറെ ഉപകാരപ്പെടും.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആവശ്യവും അതിനുവേണ്ട സംഖ്യയും സകാത്ത് നല്‍കുന്നവര്‍ക്ക് കൈമാറി ഉടമസ്ഥര്‍ തന്നെ സകാത്ത് അവകാശികള്‍ക്ക് നല്‍കുന്ന രീതി ഏറെ സ്വീകാര്യമാകും
(ലേഖകന്റെ ഫോണ്‍: 9846504145)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."