കെ.എസ്.യുവിനെ ഇനി കോഴിക്കോട്ടുകാരന്‍ നയിക്കും
കോഴിക്കോട്: കെ.എസ്.യുവിനെ നയിക്കാന്‍ കോഴിക്കോട്ടുകാരന് നിയോഗം. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായ അഭിജിത്ത് ജില്ലയിലെ അത്തോളി സ്വദേശിയാണ്. 1978ല്‍ അഡ്വ.പി.എം സുരേഷ്ബാബു പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് ഒരു കോഴിക്കോട്ടുകാരന്‍ കെ.എസ്.യുവിന്റെ അമരത്ത് വരുന്നതെന്ന പ്രത്യേകതയും ഉണ്ട്.
എസ്.എഫ്.ഐയുടെ കുത്തകയായ കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് ചരിത്രം തിരുത്തിക്കുറിച്ച് യു.യു.സിയായി വിജയിച്ചതു മുതലാണ് അഭിജിത്ത് ശ്രദ്ധേയനായത്.
22 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു കെ.എസ്.യു അത്തരമൊരു വിജയം കരസ്ഥമാക്കിയത്.
തുടര്‍ന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായി. ശ്രദ്ധേയമായ പരിപാടികള്‍ ഇക്കാലയളവില്‍ യൂനിവേഴ്‌സിറ്റി യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പേള്‍ ഇതിന് ശക്തമായ നേതൃത്വം നല്‍കി. യൂനിയന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജോബ് ഫെയറിലൂടെ 610 ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നേടിക്കൊടുത്തത് പൊതുസമൂഹത്തില്‍ തന്നെ ചര്‍ച്ചയ്ക്കിടയാക്കി.
വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ പൊലിസ് അക്രമത്തിന് ഇരയായി. സ്വാശ്രയസമരവുമായി ബന്ധപ്പെട്ട് ജയില്‍വാസവും അനുഷ്ഠിച്ചു.
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മൂന്നു മാസം മുന്‍പ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി നിയമതിനായെങ്കിലും ഈ നിയമനം എ.ഐ.സി.സി ഇടപെട്ട് മരവിപ്പിച്ചിരുന്നു.
സാംസ്‌കാരിക മേഖലയിലും സജീവസാന്നിധ്യമാണ് കെ.എം അഭിജിത്ത്. മാനവസംസ്‌കൃതിയിലുള്‍പ്പെടെ ഭാരവാഹിത്വം വഹിക്കുന്ന അഭിജിത്ത് അത്തോളിയലെ സാധാരണ കുടുംബത്തില്‍ നിന്നാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്.
കുഴിക്കാട്ടുമീത്തല്‍ ഗോപാലന്‍കുട്ടി നായരുടെയും സുരജയുടെയും രണ്ടാമത്തെ മകനാണ്. സഹോദരന്‍: വൈശാഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."