ജനങ്ങളെ കൈയിലെടുത്ത് ഇന്നസെന്റ്
ചെങ്ങന്നൂര്‍: സ്വതസിദ്ധമായ ശൈലിയില്‍ ചെങ്ങന്നൂര്‍ക്കാരെ നര്‍മം പറഞ്ഞ് ചിരിപ്പിച്ച് മലയാളികളുടെ പ്രിയതാരം ഇന്നസെന്റിന്റെ റോഡ് ഷോ.
തുറന്ന വാഹനത്തില്‍ ഐ.ടി.ഐ ജങ്ഷനില്‍ നിന്ന് റോഡ്ഷോ തുടങ്ങിയപ്പോള്‍ ആദ്യം മുന്പില് വന്നതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം. മുഖ്യമന്ത്രിയെത്തന്നെ കൈവീശിക്കാണിച്ച് റോഡ്ഷോയ്ക്ക് തുടക്കം. എ.എം ആരിഫ് എം.എല്‍.യും ഒപ്പമുണ്ട്.
അനൗണ്‍സ്മെന്റ് വാഹനത്തിന് പിന്നിലായി വരുന്ന ചിരിയുടെ സമ്രാട്ടിനെക്കണ്ട് ജനങ്ങളെല്ലാം സന്തോഷത്തിലായി. ബസ് യാത്രക്കാര്‍, കടകളില്‍ എത്തിയവര്‍ എല്ലാവരും 'ഇന്നച്ചാ' എന്ന വിളിയോടെ ഫോട്ടോ എടുക്കാനും കൈ കൊടുക്കാനും അടുത്തുകൂടി. റോഡ് ബ്ലോക്കായപ്പോള്‍ 'എല്ലാവരും ആ വണ്ടി കടത്തി വിട്ടില്ലെങ്കില്‍, ഇരിങ്ങാലക്കുടയില്‍നിന്ന് ഇങ്ങേര് വന്ന് മനുഷ്യനെ ചുറ്റിച്ചെന്ന് പറയും' എന്ന് സിനിമാഭാഷയില്‍ ഫലിതം.
ടൗണില്‍ വിവിധയിടങ്ങളില്‍ വാഹനം നിര്‍ത്തി ലഘു പ്രസംഗങ്ങള്‍. പുലിയൂരില്‍ നിന്ന് മാന്നാറിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ 'ഇത് ആ മാന്നാര്‍ മത്തായിയുടെ സ്ഥലമല്ലേ' എന്ന ചോദ്യം എല്ലാവരിലും ചിരി പടര്‍ത്തി.
സജി ചെറിയാന്റെ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയാണ് പരിചയപ്പെടുന്നതെന്നും, സുഹൃത്തായതെന്നും ഇന്നസെന്റ് പറഞ്ഞു. കാന്‍സര്‍ രോഗിയായിരുന്ന തനിക്ക് രോഗികളെ പരിചരിക്കുന്ന കരുണയുടെ അമരക്കാരന് എന്ന നിലയിലാണ് സജിക്ക് വോട്ടു ചോദിക്കാനുള്ളത്. ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ താന്‍ നടപ്പാക്കിയിട്ടുള്ള മാമോഗ്രാം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സജിയെപ്പോലുള്ളവരുടെ ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ടൗണ്‍, പുലിയൂര്, ആല, മാന്നാര്‍ പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ റോഡ്ഷോ നടത്തിയ ശേഷം ഉച്ചയോടെ മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."