63 കിയോസ്‌കുകളില്‍ കുടിവെള്ളവിതരണം തുടങ്ങും
കോഴിക്കോട്: ജില്ലയില്‍ കുടിവെള്ളത്തിന് അതീവക്ഷാമം നേരിടുന്ന 63 സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ വഴി 31 നകം ജലവിതരണം തുടങ്ങുന്നതിന് ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വില്ലേജ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയ 63 പ്രദേശങ്ങളില്‍ ഭൂരിപക്ഷം ഇടങ്ങളിലും 5000 ലിറ്റര്‍ സംഭരണ ശേഷിയുളള വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു. ശേഷിക്കുന്ന സ്ഥലങ്ങളില്‍ 31 നകം സ്ഥാപിക്കും. നിര്‍മിതികേന്ദ്രക്കാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുളള ചുമതല.
മൂന്ന് ടാപ്പുകള്‍ വീതമുളളതാണ് ഓരോ കിയോസ്‌കും. കോഴിക്കോട് താലൂക്കില്‍ 9, കൊയിലാണ്ടിയില്‍ 14, വടകരയില്‍ 30, താമരശ്ശേരിയില്‍ 10 എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പ്രദേശങ്ങളുടെ എണ്ണം. വരള്‍ച്ച രൂക്ഷമാകുകയാണെങ്കില്‍ 450 കേന്ദ്രങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കേണ്ടതായി വരും.
പ്രദേശികതലത്തില്‍ കുടിവെളള ലഭ്യത ഉറപ്പാക്കാനുളള ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഉണ്ടായിരിക്കും. കിയോസ്‌കുകളില്‍ വെളളത്തിന്റെ അളവ് 750 ലിറ്ററില്‍ കുറയുന്ന മുറയ്ക്ക് നിറയ്ക്കുവാനുളള നടപടി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെങ്കിലും പ്രദേശത്ത് സ്വന്തം നിലയില്‍ കുടിവെളളം വിതരണം ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ആ വിവരം വില്ലേജ് ഓഫിസറെയോ തഹസില്‍ദാറെയോ അറിയിക്കേണ്ടതാണ്. ഡെപ്യൂട്ടി കലക്ടര്‍മാരായ ബി.അബ്ദുള്‍ നാസര്‍, കെ.സുബ്രഹ്മണ്യന്‍, എന്‍.വി രഘുരാജ്, കെ.ഹിമ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."