ബൈരകുപ്പയില്‍ കാട്ടാനകള്‍ വീട്ടുമുറ്റത്ത്; ജനം ഭീതിയില്‍
പുല്‍പ്പള്ളി: സംസ്ഥാന അതിര്‍ത്തിയായ ബൈരകുപ്പയില്‍ ജനവാസി കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് ഭീതി പരത്തുന്നു. വീട്ടുമുറ്റത്ത് വരെ എത്തി വ്യാപകമായ കൃഷിനാശമാണ് കാട്ടാനകള്‍ വരുത്തുന്നത്.
നാഗര്‍ഹോള ദേശീയപാര്‍ക്കിനോട് ചേര്‍ന്നുള്ള വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ബൈരകുപ്പ, മച്ചൂര്‍, ബെള്ള തുടങ്ങിയ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നാഗര്‍ഹോള വനത്തില്‍ വേനലായതോടെ കാട്ടുതീ പടരുകയും പാര്‍ക്കിനുള്ളിലെ ജല സ്രോതസുകളൊക്കെ വരണ്ടുണങ്ങുകയും ചെയ്തതോടെയാണ് കാട്ടാനക്കൂട്ടം കബനി നദിക്കരികിലുള്ള ബൈരകുപ്പ താവളമാക്കുന്നത്.
നൂറുകണക്കിന് മാന്‍, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങുകള്‍ എന്നിവക്കു പുറമെയാണ് കാട്ടാനകള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും വീടുകളുടെ മുറ്റത്തെത്തി കൃഷികള്‍ നശിപ്പിക്കുകയാണ്. കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."