അന്തര്‍ സംസ്ഥാന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ്; സുവര്‍ണ നേട്ടത്തിലും കേരളത്തിനു നിരാശ
ഹൈദരാബാദ്: 56ാമത് അന്തര്‍ സംസ്ഥാന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിനു രണ്ടു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും ഉള്‍പ്പെടെ ആറു മെഡലുകള്‍. പുരുഷന്‍മാരുടെ 800 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സനും പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത്ത് മഹേശ്വരിയുമാണ് സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ രാകേഷ് ബാബുവും വനിതകളുടെ 800 മീറ്ററില്‍ സിനി എ മാര്‍ക്കോസും വെള്ളി സ്വന്തമാക്കി. പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ കെ.പി ബിമിനും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചെയ്‌സില്‍ എയ്ഞ്ചല്‍ ജെയിംസുമാണ് വെങ്കലം നേടിയത്. ജിന്‍സനും രഞ്ജിത്തും സുവര്‍ണ താരങ്ങളായെങ്കിലും റിയോ ഒളിംപിക്‌സിനു യോഗ്യത നേടാന്‍ ഇരുവര്‍ക്കും സാധിക്കാഞ്ഞത് നിരാശ സമ്മാനിച്ചു.
800 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ സമയം കുറിച്ച ജിന്‍സന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഒളിംപിക് ബര്‍ത്ത് നഷ്ടമായത്. യോഗ്യത നേടാന്‍ 1.46.00 സെക്കന്‍ഡിന്റെ സമയമാണ് അനുവദിച്ചിരുന്നത്. ജിന്‍സന്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത് 1.46.43 സെക്കന്‍ഡ് സമയത്തിലായിരുന്നു. ഈയിനത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മറ്റൊരു കേരള താരം സജീഷ് ജോസഫിനു ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.
ട്രിപ്പിള്‍ ജംപില്‍ യോഗ്യതാ മാര്‍ക്കായ 16.85 മറികടക്കാന്‍ രഞ്ജിത്ത് മഹേശ്വരിക്കും സാധിച്ചില്ല. 16.56 മീറ്റര്‍ താണ്ടിയാണ് രഞ്ജിത്ത് സുവര്‍ണ താരമായത്. മറ്റൊരു കേരളാ താരമായ എ.വി രാകേഷ് ബാബു 16.20 താണ്ടി വെള്ളി നേടി.
വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ സിനി എം മാര്‍ക്കോസ് 2.07.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. ഈയിനത്തില്‍ തമിഴ്‌നാടിന്റെ ഗോമതിക്കാണ് സ്വര്‍ണം.
പുരുഷന്‍മാരുടെ പോള്‍വാള്‍ട്ടില്‍ കേരള താരം ബിമിന്‍ 4.70 മീറ്റര്‍ താണ്ടി വെങ്കലം നേടി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചെയ്‌സില്‍ കേരളത്തിന്റെ എയ്ഞ്ചല്‍ ജെയിംസ് 11.13.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലത്തിന് അര്‍ഹയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."