അധ്യക്ഷനെ കണ്ടെത്തല്‍ ബി.ജെ.പിക്ക് വെല്ലുവിളി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യക്ഷനെ കണ്ടെത്തല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകും. വി. മുരളീധരന്റെയും പി.കെ കൃഷ്ണദാസിന്റെയും പക്ഷത്തുള്ള നേതാക്കളുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.
അത്തരത്തിലൊരു പരീക്ഷണത്തിന് കേന്ദ്ര നേതൃത്വം തയാറായില്ലെങ്കില്‍ പുതിയൊരു മുഖത്തിനായിരിക്കും നറുക്കുവീഴുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ കുമ്മനത്തെപ്പോലെ പുതുമുഖത്തെ പരീക്ഷിക്കാന്‍ സമയമില്ല. അതിനാല്‍ സംസ്ഥാന ജന. സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരുടെ പേരുകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് കോഴക്കേസില്‍ അകപ്പെട്ടതിനാല്‍ എം.ടി രമേശിന്റെ സാധ്യതകള്‍ വിരളമാണ്.
സുരേന്ദ്രന്റെ കാര്യത്തില്‍ മികച്ച പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്. യുവമോര്‍ച്ചയുടെ അധ്യക്ഷസ്ഥാനത്തിരുന്ന് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ബി.ജെ.പിയുടെ ശ്രദ്ധേയമായ മുഖമെന്ന പരിഗണനയും സുരേന്ദ്രന് ലഭിക്കും. കര്‍ണാടകയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ മേഖലയുടെ ചുമതലക്കാരനായി സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍വന്നിട്ടുണ്ട്. സംസ്ഥാനത്ത് സി.പി.എമ്മിനെതിരേ ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ സുരേന്ദ്രന് കഴിയുമെന്ന വിലയിരുത്തലും ഉണ്ട്.
യുവത്വത്തിന് പ്രാമുഖ്യം നല്‍കുന്ന നേതൃത്വമായിരിക്കും വരികയെന്ന ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്റെ പ്രസ്താവനയും സുരേന്ദ്രന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നു. എന്നാല്‍, മുരളീധരന്‍ പക്ഷക്കാരനായതിനാല്‍ സുരേന്ദ്രനെതിരേ കൃഷ്ണദാസ് പക്ഷം എതിര്‍പ്പുന്നയിക്കും.
അതിനിടെ, പി.കെ കൃഷ്ണദാസിന്റെ പേരും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. വി. മുരളീധരന്‍ എം.പിയായ സ്ഥിതിക്ക് കൃഷ്ണദാസിന് പ്രസിഡന്റ് പദവിയെങ്കിലും നല്‍കണമെന്ന വാദമാണ് ഈ വിഭാഗക്കാര്‍ ഉയര്‍ത്തുന്നത്.
വത്സന്‍ തില്ലങ്കേരി, പി.എസ് ശ്രീധരന്‍ പിള്ള, ശോഭാ സുരേന്ദ്രന്‍, ആര്‍.എസ്.എസ് ദേശീയ നേതാവും നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനുമായ ജെ. നന്ദകുമാര്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. പാര്‍ട്ടിയെ കീഴടക്കിയിരിക്കുന്ന വിഭാഗീയതയെ അതിജീവിച്ച് മുന്നോട്ടുനയിക്കാനും അടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കാനും കഴിയുന്ന നേതാവിനെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം തിരയുന്നത്. തിങ്കളാഴ്ചയോടെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
ചര്‍ച്ചകള്‍ നീണ്ടുപോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ഒരു മുതിര്‍ന്ന നേതാവിന് താല്‍ക്കാലിക ചുമതല നല്‍കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."