കുട്ടിക്കേസുകള്‍ ഇനി പിഴയിലൊതുങ്ങില്ല; നല്ലനടപ്പിനു പരിശീലനവും നേടണം
മലപ്പുറം: പതിനെട്ടു വയസിനു താഴെയുള്ളവര്‍ പ്രതികളായ കേസുകളില്‍ പിഴയ്ക്കുപുറമെ പരിശീലന പരിപാടി കൂടി വരുന്നു. ന്യൂജെന്‍ തലമുറ പ്രതികളായ കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് കൗണ്‍സലിങും പരിശീലനപരിപാടികളും മുതല്‍ മൂന്നുവര്‍ഷം വരെ നിര്‍ബന്ധിത സാമൂഹികസേവനം വരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിനു കീഴില്‍ നടപ്പാക്കുന്നത്. പുതിയ ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ചാണ് പുതിയ രീതി നടപ്പാക്കുന്നത്. ഡിഅഡിക്ഷന്‍ സെന്ററുകള്‍, തെറാപ്പി സെന്ററുകള്‍, മോട്ടോര്‍വാഹന നിയമപരിശീലനം, സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കേസിന്റെ സ്വഭാവമനുസരിച്ചാണ് ന്യൂജെനുകാര്‍ക്കുള്ള ശിക്ഷാനടപടി.
കഴിഞ്ഞ ജനുവരി മുതല്‍ മെയ് വരേയുള്ള അഞ്ചു മാസത്തെ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുക. പതിനെട്ടിനു താഴെയുള്ളവര്‍ പ്രതികളായ മോട്ടോര്‍വാഹന കേസുകളിലുള്ളവര്‍ക്കുള്ള പരിശീലന പരിപാടിയാണു നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. അഞ്ചു മാസത്തിനിടെ ഇത്തരത്തിലുള്ള 71 കേസുകളിലാണ് കുട്ടികള്‍ പ്രതികളായത്. അഞ്ചു കേസുകള്‍ അപകടത്തെ തുടര്‍ന്നു മരണം റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ്.
ജില്ലയില്‍ പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിലാണ് കൂടുതല്‍ കേസുകള്‍. 23 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. വാഹനാപകടങ്ങളും ലൈസന്‍സില്ലാതെ വാഹനമോടിച്ചതും ഹെല്‍മെറ്റില്ലാത്തതുമെല്ലാം ഉള്‍പ്പെട്ട കേസുകളാണ്. മരണം റിപ്പോര്‍ട്ട് ചെയ്തതിലൊഴികെ കേസുകളില്‍ കുട്ടികള്‍ക്ക് ആയിരം മുതല്‍ മൂവായിരം വരെ പിഴയായിരുന്നു ഈടാക്കിയിരുന്നത്. പിഴ 10000 വരെ ഈടാക്കാമെന്നാണ് ജുവനൈല്‍ നിയമത്തിലുള്ളത്.
മോട്ടോര്‍ കേസുകളിലകപ്പെട്ടവര്‍ക്കുള്ള പരിശീലനം ആദ്യമായി നടപ്പാക്കുന്നത് മലപ്പുറത്താണ്. പുതിയ 71 കേസില്‍ പിടികൂടിയവര്‍ക്കും രക്ഷിതാക്കള്‍ക്കുമായി അടുത്തദിവസം ഗതാഗതവകുപ്പിനു കീഴിലുള്ള എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആന്‍ഡ് റിസര്‍ച്ചില്‍ വച്ചാണ് ഏകദിന പരിശീലനം. ജില്ലയിലെ വിവിധ ആശുപത്രികള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിര്‍ബന്ധ സേവനം. ന്യൂജെന്‍ കേസുകളിലകപ്പെട്ട 21 പേരെയാണ് സേവനത്തിനു വിട്ടത്. 12 പേര്‍ വിവിധ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങളിലും ഒന്‍പത് പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളുംകേന്ദ്രീകരിച്ചാണ് സേവനത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒരാളെ രണ്ടു വര്‍ഷത്തെ സേവനത്തിനാണ് പാലിയേറ്റീവ് ക്ലിനിക്കിലയച്ചത്.
പഠിക്കുന്നവര്‍ക്കും തൊഴിലിലേര്‍പ്പെട്ടവര്‍ക്കും അവരുടെ കൂടി സൗകര്യം കണക്കിലെടുത്താണു സേവനസമയം നിശ്ചയിക്കുന്നത്. ജില്ലാ ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ അഡ്വ. കെ.വി.യാസറിനാണ് ന്യൂജെന്‍ പരിശീലന പരിപാടികളുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."