പുനലൂരില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം വാക്കേറ്റത്തില്‍ കലാശിച്ചു
പുനലൂര്‍: സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ വീടിനടുത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള സി.പി.എം നീക്കം സി.പി.ഐയുമായുള്ള വാക്കേറ്റത്തില്‍ കലാശിച്ചു.
വിളക്കുടി പഞ്ചായത്തിന്റെ അധീനതയിലുള്ള കുന്നിക്കോട് മാര്‍ക്കറ്റിനുള്ളില്‍ പഞ്ചായത്തിന്റെ അടഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എല്‍.ഡി.എഫ് ആലോചനാ യോഗത്തിലായിരുന്നു സി.പി.എം-സിപിഐ അംഗങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തിയത്. തുടര്‍ന്ന് ഉന്നത നേതാക്കള്‍ ഇടപെട്ട് ഇരു വിഭാഗത്തെയും പിന്‍തിരിപ്പിച്ചതോടെയാണ് ബഹളം ശമിച്ചത്. ഒടുവില്‍ തീരുമാനമാകാതെ യോഗം അവസാനിച്ചു.
സി.പി.ഐക്ക് പിന്തുണയുമായി പട്ടണ നടുവില്‍ മദ്യശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സ്ഥലവാസികളായ നാട്ടുകാരും രംഗത്തുണ്ട്. സി.പി.ഐ സംസഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ വീടിന് സമീപത്താണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഇഷ്ടക്കേടാണ് മദ്യശാലക്കെതിരെ സി.പി.ഐ കടുത്ത നിലപാടെടുക്കുവാന്‍ കാരണം.
ഒരു കാരണവശാലും മത്സ്യമാര്‍ക്കറ്റോ,ബിവറേജസ് ഔട്‌ലെറ്റോ സംസ്ഥാന നേതാവിന്റെ വീടിന് സമീപം അനുവദിക്കില്ലെന്നും, എന്ത് വിലകൊടുത്തും അത് തടയുമെന്നും യോഗത്തില്‍ സി.പി.ഐ തുറന്നടിച്ചു.
സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം നൗഷാദിന്റെ അഭിപ്രായത്തോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തിയത്. എന്നാല്‍ ചില സി.പി.ഐ പഞ്ചായത്തംഗങ്ങള്‍ ഔട്ടലെറ്റ് വരുന്നതില്‍ രഹസ്യ നിലപാട് സ്വീകരിച്ചതായും സൂചനയുണ്ട്. തലവൂര്‍ പഞ്ചായത്തിലെ പനമ്പറ്റ കുരുശുംമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റ് കുന്നിക്കോട്ടേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് തര്‍ക്കം മുറുകുന്നത്. മുന്‍പ് കുന്നിക്കോട്ട് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല സുപ്രീകോടതി വിധിയെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പാണ് പനമ്പറ്റയിലേക്ക് മാറ്റിയത്.
മാര്‍ക്കറ്റിനോട് ചേര്‍ന്ന് കുന്നിക്കോട് പൊലിസ് സ്റ്റേഷന്‍ കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ മദ്യശാല ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് സി.പി.എം പറയുന്നത്.
പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കുന്ന നടപടി ജില്ലാ നേതൃത്തെ അറിയിക്കാനാണ് സി.പി.എം തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."