അസി. കമാന്‍ഡന്റ് പി.എം ജോണിക്ക് നാളെ പൊലിസ് സമൂഹത്തിന്റെ യാത്രയയപ്പ്
തൊടുപുഴ: തേക്കടി ബോട്ടപകടം, മുല്ലപ്പെരിയാര്‍, മാവോയിസ്റ്റ് സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജില്ലാ പൊലിസ് മേധാവിക്കൊപ്പം സായുധസേനയെ നയിച്ച അസിസ്റ്റന്റ് കമാണ്ടന്റ് പി.എം ജോണി ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നു. ഇപ്പോള്‍ കൊച്ചി സിറ്റി സായുധസേനാ അസിസ്റ്റന്റ് കമാണ്ടന്റായ അദ്ദേഹത്തിന് ജില്ലയിലെ പൊലിസ് സമൂഹം നാളെ യാത്രയയപ്പ് നല്‍കും.
തേക്കടി ദുരന്തത്തില്‍ ജില്ലാ സായുധസേനയിലെ മുന്നൂറോളം സേനാംഗങ്ങളെയാണ് പ്രദേശത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. കൈമെയ് മറന്ന് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കി അവരെ നയിച്ചത് പി.എം ജോണിയായിരുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ പ്രകോപനം കത്തിനിന്നപ്പോള്‍ കുമളി റോസാപ്പൂക്കണ്ടം മുതല്‍ ചിന്നാര്‍ വരെ അതിര്‍ത്തിപ്രദേശത്ത് പൊലിസ് വിന്യാസത്തിന്റെ ചുമതലയില്‍ ജില്ലാ പൊലിസ് മേധാവിക്കൊപ്പം ഇദ്ദേഹവും നിലയുറപ്പിച്ചു.
26 വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍ 52 ഗുഡ്‌സര്‍വീസ് എന്‍ട്രികളും രണ്ട് ഐജിമാരുടെ അഭിനന്ദനകത്തും ജോണിക്ക് ലഭിച്ചു.
പൊലിസ് അക്കാദമിയില്‍ നടന്ന അഖിലേന്ത്യാ പൊലിസ് കോണ്‍ഫറന്‍സിന്റെ ലെയ്‌സണ്‍ ഓഫീസറായിരുന്ന ജോണിയുടെ പ്രവര്‍ത്തനമികവ് അന്നത്തെ ഐ.ജി കൃഷ്ണമൂര്‍ത്തിയുടെ ശ്രദ്ധയില്‍പ്പെടുകയും അഭിനന്ദനത്തിന് പാത്രമാവുകയും ചെയ്തു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പൊലിസ് സംഘത്തെ നയിച്ച ജോണിക്ക് സേവനമികവിന് ഐജി ബാബുരാജ് അഭിനന്ദനകത്ത് നല്‍കിയതും ഔദ്യേഗിക ജീവിതത്തിലെ മികവിന് ഉദാഹരണമായി.
1990 ല്‍ റിസര്‍വ് സബ് ഇന്‍സ്‌പെക്ടറായി സര്‍വീസില്‍ പ്രവേശിച്ച ജോണി സിഐഎസ്ഫിലും ലോക്കല്‍ പൊലിസിലും എസ്‌ഐ നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാളെ കാഞ്ഞാറിലാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 11 ന് ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."