വിലക്കയറ്റം നമ്മുടെ വിലയിടിക്കാതിരിക്കട്ടെ
വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം താങ്ങാനാവാത്ത വില. സംഭവം നടക്കുന്നത് നമ്മുടെ സ്വന്തം ഇന്ത്യയില്‍. പൊറുതിമുട്ടിയ ജനം അന്നത്തെ പ്രഗത്ഭ പണ്ഡിതനും വിഖ്യാത ഗ്രന്ഥകാരനുമായ മുഹമ്മദ് യൂസുഫ് കാന്ദലവിയെ സമീപിച്ചു. വിഷയങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു:
''ജനങ്ങളും വസ്തുക്കളും അല്ലാഹുവിന്റെ അടുക്കല്‍ തുലാസിന്റെ രണ്ടു തട്ടുകള്‍ പോലെയാണ്. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മൂലം അല്ലാഹുവിന്റെ അടുക്കല്‍ മനുഷ്യനു വില കൂടിയാല്‍ വസ്തുക്കള്‍ക്കു വില കുറയും. തെറ്റുകളും കുറ്റങ്ങളും മൂലം മനുഷ്യന്റെ വില കുറഞ്ഞാല്‍ വസ്തുക്കള്‍ക്കു വില കൂടുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യും. അതിനാല്‍ സത്യവിശ്വാസം ഊട്ടിയുറപ്പിക്കുക. സല്‍ക്കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളുടെ വില കൂടുകയും വസ്തുക്കള്‍ക്കു വില കുറയുകയും ചെയ്യും. ജനങ്ങളെ ദാരിദ്യം പറഞ്ഞു പേടിപ്പിക്കരുത്. അതു പിശാചിന്റെ വേലയാണ്. നിങ്ങള്‍ നിങ്ങളറിയാതെ പിശാചിന്റെ സൈനികരില്‍പെട്ടുപോകുന്നതു കരുതിയിരിക്കുക.''
വലിയവന്‍ ചെറിയവനെയല്ല, ചെറിയവന്‍ വലിയവനെയാണു പേടിക്കേണ്ടത്. ഇതിനു വിരുദ്ധമായി വലിയവന്‍ ചെറിയവനെ പേടിക്കുന്നുവെങ്കില്‍ അവിടെ വലിയവന്‍ ചെറിയവനായി മാറുകയും ചെറിയവന്‍ വലിയവനായി മാറുകയും ചെയ്യും. പ്രപഞ്ചത്തില്‍ ഏറ്റവും മൂല്യമുള്ളതു മനുഷ്യനാണ്. ആ മനുഷ്യന്‍ തന്നെക്കാള്‍ താഴ്ന്ന വസ്തുക്കളെ പേടിക്കുക എന്നത് സ്വന്തം വില താഴ്ത്തലാണ്.
നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള വിലക്കയറ്റമാണല്ലോ ഇന്നു നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. സാധനങ്ങള്‍ക്കു വില കൂടുന്നതും കുറയുന്നതും സ്വാഭാവികം. അതില്‍ ഭീതിയും ബേജാറുമായി കഴിഞ്ഞുകൂടുന്നത് പരിഹാരമല്ല. ബേജാറുകൊണ്ട് കൂടിയ വില കുറയാന്‍ പോകുന്നില്ല. വിലക്കയറ്റമുണ്ടാകുന്നുവെങ്കില്‍ കൂടട്ടെ, അതിനനുസരിച്ച് മനുഷ്യന്‍ മനുഷ്യന്റെ വിലയും നിലയും ഉയര്‍ത്തിയാല്‍ പ്രശ്‌നം കഴിഞ്ഞു. സാധനങ്ങള്‍ക്കു വില കൂടുന്നതല്ല, നമ്മുടെ വില കുറഞ്ഞുപോകുന്നതാണ് നമ്മെ അലട്ടേണ്ടത്. സാധനങ്ങള്‍ക്കു വില കൂടുന്നത് ഭീതിയോടെ കാണുന്നവര്‍ സത്യത്തില്‍ ആ സാധനത്തിന്റെ വിലയെക്കാള്‍ താഴ്ന്നുപോവുകയാണ്. വലിയവന്‍ ചെറിയതിനെ പേടിക്കുന്നത് ചെറിയവനെക്കാള്‍ താഴ്ന്നുപോകലാണല്ലോ.
'വിധിച്ചതു കിട്ടാതെ ഒരാളും മരിക്കില്ല. വിധിക്കാത്തതു കിട്ടി ഒരാളും ജീവിക്കുകയുമില്ല..' അലംഘനീയമായ ഈ നിയമം ദൃഢവിശ്വാസമായി നമ്മുടെ അകത്തളങ്ങളിലുണ്ടായാല്‍ ഏകദേശം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. വില കൂടുന്നതും കുറയുന്നതും ഒരു പ്രശ്‌നമേ ആകില്ല. വില കൂടിയതുകൊണ്ട് ദൈവം വിധിച്ച അന്നം കിട്ടാതായവര്‍ ലോക ചരിത്രത്തിലാരാണുള്ളത്...? വില കുറഞ്ഞതുകൊണ്ട് ദൈവം വിധിക്കാത്ത അന്നം കഴിച്ചവര്‍ ആരാണുള്ളത്..? വില കൂടിയാലും കുറഞ്ഞാലും വിധിച്ചതു കിട്ടും.
കടലിന്റെ ഏതോ അടിത്തട്ടില്‍ കിടക്കുന്ന ഉറച്ചതും മിനുമിനുത്തതുമായ ഏതോ ഒരു പാറക്കുള്ളിലാണ് ഒരടിമയ്ക്ക് ദൈവം അന്നം വച്ചിട്ടുള്ളതെങ്കില്‍ ആ അന്നം അയാളുടെ വായിലെത്തുമെന്നുറപ്പ്. അതെങ്ങനെയായിരിക്കുമെന്നു പ്രവചിക്കാന്‍ നമുക്കാവില്ലെന്നു മാത്രം.. വിലക്കയറ്റത്തില്‍ ഭീതി ജനിക്കുന്നത് ദാരിദ്ര്യഭയം മൂലമാണ്. ദാരിദ്ര്യഭയമാകട്ടെ പിശാചിന്റെ സംഭാവനയുമാണ്. ഖുര്‍ആന്‍ പറയുന്നതു കാണുക: ''പിശാച് നിങ്ങളെ ദാരിദ്ര്യം വരുമെന്നു ഭീഷണിപ്പെടുത്തുകയും നീചവൃത്തികള്‍ക്കു പ്രേരിപ്പിക്കുകയുമാണ്. അല്ലാഹുവാകട്ടെ, തന്റെ പക്കല്‍നിന്നുള്ള പാപമോചനവും ഔദാര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്.''(2: 268)
'വിലക്കയറ്റം രൂക്ഷമാകുന്നു.. കുടുംബബജറ്റുകള്‍ തകരാന്‍ പോകുന്നു. കൊടിയ ദാരിദ്ര്യത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്...' ചിലരുടെ ആശങ്കകള്‍ ഇങ്ങനെയൊക്കെയാണ്. ധീരന്മാര്‍ ഇങ്ങനെയല്ല ചിന്തിക്കേണ്ടത്. ഇങ്ങനെ പറഞ്ഞു മറ്റുള്ളവര്‍ക്ക് നെഗറ്റീവ് എനര്‍ജി പകരുകയുമല്ല വേണ്ടത്. അതു ഭീരുക്കളുടെ വേലയാണ്. ചെയ്യേണ്ടത് വിധിയിലുള്ള തൃപ്തി പഠിപ്പിച്ചുകൊടുക്കലാണ്. എന്തു തന്നെ സംഭവിച്ചാലും വിധിയില്‍ ആശ്വാസം കണ്ടെത്താനുള്ള പരിശീലനം നല്‍കുക. പ്രതിസന്ധികള്‍ക്ക് തങ്ങളുടെ ഭാഗത്തുനിന്നു വല്ല അബദ്ധവും കാരണമായിട്ടുണ്ടോ എന്ന പരിശോധനയും കൂടിയായാല്‍ പ്രതിസന്ധികള്‍ പ്രതിസന്ധികളല്ലാതായി. വിലക്കയറ്റം വലക്കയറ്റമല്ലാതെയുമായി.
ഇമാം ശാഫിഈ(റ) പാടി:
അല്‍ ഹമ്മു ഫള്‌ലുന്‍ വല്‍ ഖളാഉ ഗാലിബുന്‍
വകാഇനുന്‍ മാ ഖുത്വ ഫില്ലൗഹി
ഫന്‍തളിരിര്‍ റൗഹ വഅസ്ബാബഹു
ആയസ മാ കുന്‍ത മിനര്‍റൗഹി
(ദുഃഖം വെറുതെയാണ്. വിധിയാണ് ജേതാവാകുക. ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തപ്പെട്ടത് സംഭവിക്കുക തന്നെ ചെയ്യും. അതിനാല്‍ നിരാശ പിടികൂടുമ്പോള്‍ ആശ്വാസത്തെയും അതിന്റെ നിമിത്തങ്ങളെയും കാത്തിരിക്കുക.)
കൂടെ ഒരു കാര്യം കൂടി: നാം നമ്മുടെ വില ഇടിക്കുമ്പോള്‍ സ്വാഭാവികമായും സാധനങ്ങള്‍ക്കു വില കൂടും. അവിടെ സാധനങ്ങള്‍ക്കു വില കൂടുകയല്ല, നമുക്കു വില കുറയുമ്പോള്‍ മറ്റുള്ളവയ്‌ക്കെല്ലാം വില കൂടിയതായി തോന്നുകയാണ്. ഇന്ന് മനുഷ്യര്‍ക്കല്ലാത്ത സകലവസ്തുക്കള്‍ക്കും വില കൂടുന്നുണ്ട്.
നായയ്ക്കുപോലും മനുഷ്യനെക്കാള്‍ വിലയുള്ള കാലമാണിത്. പത്തുരൂപയുടെ കാര്യത്തില്‍പോലും പരസ്പരം തര്‍ക്കിച്ചു കൊലവിളി നടത്തുന്ന കാലം. മനുഷ്യജീവനു പത്തുരൂപയുടെ വില പോലും നല്‍കപ്പെടുന്നില്ലെന്നല്ലേ അതിനര്‍ഥം. മനുഷ്യന്‍ സ്വന്തം വിലയിടിച്ചപ്പോള്‍ മറ്റെല്ലാം വിലയില്‍ മനുഷ്യനെക്കാള്‍ മുന്നിലായി. നാം നമ്മുടെ വില തിരിച്ചറിയുക. അതിനനുസരിച്ചു പ്രവര്‍ത്തിക്കുക. അതേ പരിഹാരമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."