എല്‍.ഐ.സിയുടെ പേരില്‍ വന്‍ തട്ടിപ്പ്; മൂന്നംഗ കുടുംബം പിടിയില്‍
തിരുവനന്തപുരം: എല്‍.ഐ.സി പോളിസിയുടെ പേരുപറഞ്ഞ് വന്‍തട്ടിപ്പ് നടത്തിയ മൂന്നംഗകുടുംബത്തെ ഷാഡോ ടീം ഉള്‍പ്പെട്ട പൊലിസ് സംഘം പിടികൂടി. ശ്രീകാര്യം സ്വദേശികളായ വിക്രമന്‍ നായര്‍, ഭാര്യ കോമളവല്ലി, ഇവരുടെ മകള്‍ ഐശ്വര്യ എന്നിവരാണ് പിടിയിലായത്. കോമളവല്ലി എല്‍.ഐ.സി ഏജന്റാണ്. പോളിസി എടുത്തുനല്‍കാമെന്നു പറഞ്ഞ് വീടുകളിലെത്തി സ്ത്രീകളെ ഇവര്‍ സമീപിക്കും. പിന്നീട് പോളിസിയില്‍ ചേര്‍ത്തശേഷം അവരുമൊയി സൗഹൃദം സ്ഥാപിക്കുന്നു. മക്കള്‍ക്കു ജോലിവാങ്ങി നല്‍കാമെന്നു പറഞ്ഞ് ഇവര്‍ തുടര്‍ന്ന് വീട്ടുകാരെ വശംവദരാക്കും. ഇപ്രകാരം വന്‍ തുകകളാണ് ഇവര്‍ തട്ടിയെടുത്തിട്ടുള്ളതെന്ന് പൊലിസ് പറഞ്ഞു.
എല്‍.ഐ.സിയില്‍നിന്നു കാലാവധി കഴിഞ്ഞുകിട്ടുന്ന തുകകള്‍ പോളിസിഉടമകളില്‍നിന്നും നേരത്തെ വാങ്ങി സൂക്ഷിച്ച ഒപ്പിട്ടപേപ്പറുകള്‍ ഉപയോഗിച്ച് കൈക്കലാക്കിയാണ് തട്ടിപ്പ്. കോമളവല്ലിയുടെ ഭര്‍ത്താവും മകളുമാണ് പോളിസി ഉടമകളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പ്രലോഭിപ്പിക്കുന്നത്. പോളിസി തുക കൈപ്പറ്റാന്‍ ഉടമകള്‍ എല്‍.ഐ.സി ഓഫിസില്‍ എത്തുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് അറിയുന്നത്. തിരുവനന്തപുരത്തു മാത്രം ദമ്പതികള്‍ക്കും മകള്‍ക്കുമെതിരേ നിരവധി കേസുകളുണ്ട്. പണം തിരികെ ചോദിക്കാനെത്തിയാല്‍ ഭീഷണിപ്പെടുത്തുകയാണ് പതിവ്. വലിയതുറ സ്വദേശിനി ബ്രിജിത്ത്, ശ്രീകാര്യം സ്വദേശിനി റംല എന്നിവരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിറ്റി പൊലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കണ്‍ട്രോള്‍ റൂം എ.സി സുരേഷ്‌കുമാര്‍, വലിയതുറ എസ്.ഐ ജയപ്രകാശ് എന്നിവരെക്കൂടാതെ ഷാഡോ എസ്.ഐ സുനില്‍ലാലും ഷാഡോ ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."