പ്രതിച്ഛായാ നഷ്ടമൊഴിവാക്കാന്‍ ഉടന്‍ രാജി
തിരുവനന്തപുരം: ലൈംഗികാരോപണം ഉയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവച്ചത് പ്രതിപക്ഷ ആക്രമണത്തിന്റെ ശക്തി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ. മന്ത്രിസഭയുടെ പ്രതിച്ഛായാ നഷ്ടമൊഴിവാക്കാന്‍ ആരോപണമുയര്‍ന്നയുടന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് നേതൃത്വവും ആവശ്യപ്പെടുകയായിരുന്നു.
മന്ത്രിക്കെതിരായ വാര്‍ത്ത പുറത്തുവന്നതോടെ ഒരുനിമിഷം പോലും പാഴാക്കാത്ത നീക്കങ്ങളാണ് മുഖ്യമന്ത്രിയും മുന്നണി നേതാക്കളും നടത്തിയത്. തലസ്ഥാനത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനിടയിലാണ് വാര്‍ത്ത പുറത്തുവരുന്നത്. ഉടന്‍തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയ്ക്ക് താല്‍കാലിക വിരാമമിട്ട് ഈ വിഷയത്തിലേക്കു കടന്നു. സംസ്ഥാന സര്‍ക്കാര്‍ മറ്റു പല ആരോപണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതുകൂടി ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കാതിരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കളില്‍നിന്ന് ഉയര്‍ന്നു. ഈ അഭിപ്രായം തന്നെയായിരുന്നു മുഖ്യമന്ത്രിക്കും.
ഒട്ടും വൈകാതെ മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും മറ്റു ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തി. ശശീന്ദ്രന്റെ പാര്‍ട്ടിയായ എന്‍.സി.പിയുടെ നേതാക്കളുമായി വിഷയം വിശദമായി സംസാരിച്ചു. മന്ത്രി രാജിവയ്ക്കണമെന്ന പൊതുവായ അഭിപ്രായമാണ് ആശയവിനിമയത്തില്‍ ഉണ്ടായത്. തുടര്‍ന്ന് മുഖ്യമന്ത്രി ശശീന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും ശശീന്ദ്രനെ വിളിച്ച് രാജിക്ക് നിര്‍ദേശിച്ചു. വിസമ്മതം പ്രകടിപ്പിക്കാതെ ശശീന്ദ്രന്‍ രാജിക്കു സന്നദ്ധനായി. ഇതോടെ ഇതിന്റെ പേരില്‍ പ്രതിപക്ഷം വലിയ ആക്രമണം നടത്തിയേക്കാവുന്ന സാഹചര്യം ഒഴിവായെങ്കിലും വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് ഭരണപക്ഷം മറുപടി പറയേണ്ടിവരുമെന്ന് ഉറപ്പാണ്. എന്നാല്‍, മന്ത്രിയുടെ രാജിയോടെ അതിനെ എളുപ്പത്തില്‍ നേരിടാനാകുമന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."