വീണ്ടും വിപ്ലവം തീര്‍ക്കാന്‍ ഫ്രഞ്ച് സംഘം
റഷ്യന്‍ ലോകകപ്പിനെത്തുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഭകളുള്ള ടീം ഏതെന്ന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ഫ്രാന്‍സ്. ആദ്യ ഇലവനും പകരക്കാരുടെ ബെഞ്ചും ചേര്‍ന്നാല്‍ രണ്ട് ടീമുണ്ടാക്കാനുള്ള ഒന്നിനൊന്ന് മികച്ച താരങ്ങള്‍. ക്യാപ്റ്റനെന്ന നിലയില്‍ 1998ല്‍ കന്നി ലോകകപ്പുയര്‍ത്താന്‍ ഭാഗ്യം ലഭിച്ച ദിദിയര്‍ ദെഷാംപ്‌സ് കോച്ചെന്ന നിലയില്‍ ആ നേട്ടം ആവര്‍ത്തിച്ച് ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കര്‍ ബോവര്‍ക്കൊപ്പമെത്തുമോ എന്നാണ് അറിയേണ്ടത്.
രണ്ടാം ലോക കിരീടം ലക്ഷ്യമിട്ട് ഫ്രാന്‍സ് എത്തുകയാണ്. യുവത്വവും പരിചയ സമ്പത്തും ഒത്തുചേര്‍ന്ന കരുത്തുറ്റ സംഘമാണ് ഇത്തവണത്തെ ഫ്രഞ്ച് ടീം. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും യൂറോപ്പിലെ മികച്ച ടീമുകള്‍ക്കായി കളിക്കുന്ന എണ്ണം പറഞ്ഞ താരങ്ങളാണ് അവരുടെ കരുത്ത്.
1930 മുതല്‍ ലോകകപ്പിനെത്തുന്നു. 1950, 62, 70, 74, 90, 94 വര്‍ഷങ്ങളില്‍ യോഗ്യത നേടിയില്ല. 1998ല്‍ കന്നി ലോക കിരീടം. 2006ല്‍ ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനം. അതിന് മുന്‍പ് 1982ല്‍ നാലാം സ്ഥാനത്തെത്തിയതും 58, 86 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയതും മികച്ച നേട്ടങ്ങള്‍. 1938ലും കഴിഞ്ഞ തവണയും ക്വാര്‍ട്ടര്‍ വരെയെത്താനും സാധിച്ച ഫ്രാന്‍സിന് ലോക ചാംപ്യന്‍മാരെന്ന ലേബലില്‍ 2002ല്‍ കളിക്കാനെത്തി അന്ന് കന്നിക്കാരായെത്തിയ സെനഗലിനോട് തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ട് പുറത്താകാനായിരുന്നു യോഗം.
2006ല്‍ രണ്ടാം സ്ഥാനവുമായി തലയുയര്‍ത്തി മടങ്ങിയ അവര്‍ക്ക് 2010ലും ആദ്യ റൗണ്ടില്‍ തന്നെ കാലിടറി.
സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിച്ച അന്റോയിന്‍ ഗ്രിസ്മാന്റെ മാരക ഫോമിന്റെ ബലത്തിലാണ് ഫ്രാന്‍സ് വരുന്നത്. ഗ്രിസ്മാനൊപ്പം ചെല്‍സിയുടെ ഒലിവര്‍ ജിറൂദ്, പി.എസ്.ജിയുടെ കെയ്‌ലിയന്‍ എംബാപ്പെ എന്നിവര്‍ കൂടി ചേരുമ്പോള്‍ ഫ്രഞ്ച് ടീം എതിര്‍ പാളയത്തില്‍ വേവലാതി സൃഷ്ടിക്കാന്‍ പര്യാപ്തം. മധ്യനിരയും സമ്പന്നം.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ, ബയേണ്‍ മ്യൂണിക്കിന്റെ കൊറെന്റിന്‍ ടോളിസ്സോ, ചെല്‍സിയുടെ എന്‍ഗോളോ കാണ്ടെ, യുവന്റസിന്റെ ബ്ലെയ്‌സ് മറ്റിയൂഡി എന്നിവര്‍ അണിനിരക്കുന്ന മിഡ്ഫീല്‍ഡ് ഭാവനാത്മകം. പ്രതിരോധത്തില്‍ റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനെ, ബാഴ്‌സലോണയുടെ സാമുവല്‍ ഉംറ്റിറ്റി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെഞ്ചമിന്‍ മെന്‍ഡി തുടങ്ങിയ കരുത്തുറ്റ സംഘം. ഗോള്‍ വല കാക്കുന്നത് അവരുടെ ക്യാപ്റ്റനും ടോട്ടനം ഹോട്‌സ്പറിന്റെ താരവുമായി ഹ്യൂഗോ ലോറിസ്. നിലവില്‍ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരവും ലോറിസ് തന്നെ.
യൂറോ കപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസം ബലമാക്കിയാണ് ഫ്രഞ്ച് ടീം വിപ്ലവം തീര്‍ക്കാന്‍ റഷ്യയിലെത്തുന്നത്. മികച്ച താരങ്ങളും ദെഷാംപ്‌സിന്റെ എതിരാളികളെ അറിഞ്ഞുള്ള തന്ത്രങ്ങളുമാണ് ഫ്രാന്‍സിന്റെ കരുത്ത്.
പോള്‍ പോഗ്ബയടക്കമുള്ള നിര്‍ണായക താരങ്ങള്‍ക്ക് സീസണില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വലിയ വേദികളില്‍ അവര്‍ കാണിക്കുന്ന അസ്ഥിരത ഇത്തവണ ബാധിക്കാതിരുന്നാല്‍ രണ്ടാം ലോക കിരീടം അവര്‍ക്ക് അന്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."