ഓട്ടുപാറക്കുളം സി.പി.എം ഏറ്റെടുത്ത് ശുചീകരിക്കും
വടക്കാഞ്ചേരി: ജലസമ്പന്നതയുടെ പ്രതീകവും ഓട്ടുപാറയുടെ പ്രധാന ജലസ്രോതസുമായിരുന്ന ഓട്ടുപാറ കുളം കൈയേറ്റക്കാരില്‍നിന്നും മാലിന്യ നിക്ഷേപകരില്‍ നിന്നും തിരിച്ചുപിടിച്ച് പഴയ കാല പ്രൗഢിയിലെത്തിയ്ക്കാന്‍ സി.പി.എം രംഗത്ത്. 'സര്‍വശുദ്ധി മാലിന്യ നിര്‍മാര്‍ജന പദ്ധതി'യിലൂടെ നാടിനെ ശുദ്ധീകരിയ്ക്കാന്‍ മുന്‍കൈയെടുത്ത നഗരസഭയുടെ പ്രധാന കേന്ദ്രത്തില്‍ തന്നെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ഈ കുളത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ച് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൈയേറ്റക്കാരുടെ പിടിയിലകപ്പെട്ട് കുളം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായിമാറിയ നിലയിലായിരുന്നു. സാമൂഹ്യ വിരുദ്ധരുടേയും മദ്യപാനികളുടേയും ഇഷ്ട കേന്ദ്രങ്ങളിലൊന്നായി മാറിയ കുളത്തെ തിരിച്ചു പിടിച്ച് മാലിന്യം പൂര്‍ണമായി നീക്കി പുനര്‍നിര്‍മാണത്തിന് സജ്ജമാക്കുകയാണു പാര്‍ട്ടി. ഒരു വര്‍ഷം മുന്‍പ് കുളം സംരക്ഷിയ്ക്കുന്നതിനു നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്നു വിപുലമായ യോഗം ചേരുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നതാണ്. ഇതിനു വേണ്ടി കുളസംരക്ഷണ സമിതിയും രൂപീകരിച്ചു.
നഗരസഭാ കൗണ്‍സിലര്‍ എം.എച്ച് ഷാനവാസ് ചെയര്‍മാനും പൊതു പ്രവര്‍ത്തകന്‍ കെ.ടി ബെന്നി കണ്‍വീനറുമായി രൂപീകരിച്ച സംരക്ഷണ സമിതിയുടേയും നഗരസഭയുടേയും നേതൃത്വത്തില്‍ ജില്ലാ സര്‍വേയറെ സ്ഥലത്തെത്തിച്ചു കുളം അളന്നു തിട്ടപ്പെടുത്തുകയും കയ്യേറ്റങ്ങള്‍ പിടിച്ചെടുക്കുകയും അതിര്‍ത്തിയില്‍ കല്ലുകള്‍ സ്ഥാപിയ്ക്കുകയും ചെയ്തിരുന്നതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണത്തിനു നടപടി കൈക്കൊള്ളുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല കുളം ഇപ്പോഴും മാലിന്യംകൊണ്ട് നിറഞ്ഞു കിടപ്പായിരുന്നു. കുളസംരക്ഷണമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തപ്പോഴാണ് സി.പി.എം ഓട്ടുപാറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളനവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കെ.പി മദനന്‍, എന്‍.കെ പ്രമോദ് കുമാര്‍, എം.ജെ ബിനോയ്, സി.വി മുഹമ്മദ് ബഷീര്‍, വി.എം അബ്ദുള്‍ അസീസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."