ലെപ്രസി സാനിട്ടോറിയത്തിന് സമീപം മാലിന്യക്കുമ്പാരം
ചാരുംമൂട്: കായംകുളം -പുനലൂര്‍ സംസ്ഥാന പാതയില്‍ നൂറനാട് ലെപ്രസി സാനിട്ടോറിയം സ്ഥിതി ചെയ്യുന്ന ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ മാലിന്യ നിക്ഷേപം വ്യാപകമായതോടെ റോഡുവഴിയുള്ള യാത്ര ദുരിത പൂര്‍ണ്ണം. ലെപ്രസി സാനിട്ടോറിയത്തിനു എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിലും ആശുപത്രി ജങ്ഷനിലും രാത്രിയുടെ മറവില്‍ നിക്ഷേപിച്ചു പോയ മാലിന്യങ്ങളില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
ജനവാസ കേന്ദ്രങ്ങളും കച്ചവട സ്ഥാപനങ്ങളും വളരെ കൂടുതലുള്ള സ്ഥലങ്ങളാണിവിടം. കെ.പി റോഡിലെ പറയംകുളം മുതല്‍ കിഴക്ക് ശ്രീ ഉമാമഹേശ്വരി ക്ഷേത്രം വരെയുള്ള ഭാഗങ്ങളിലെ ഇരുവശവും പാഴ്‌ച്ചെടികള്‍ വളര്‍ന്ന് കടു കയറിയ നിലയിലാണ്.ഇവിടെങ്ങളില്‍ വന്‍തോതില്‍ ഇറഞ്ചി, കോഴി, ബാര്‍ബര്‍ ഷോപ്പ്, പച്ചക്കറി, പഴകിയ ഭക്ഷണ മാലിന്യങ്ങള്‍ നിക്ഷേപിച്ചതായും കാണുന്നു. മാലിന്യങ്ങള്‍ ഭക്ഷിക്കുവാന്‍ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കള്‍ കെ.പി.റോഡുവഴി പോകുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാണ്.
വാഹനങ്ങള്‍ തട്ടിജീവന്‍ നഷ്ടപ്പെടുന്ന നായ്ക്കളെ സുരക്ഷിതമായി മറവു ചെയ്യാതെ കാടുകയറിയ റോഡിന്റെ വശങ്ങളിലേക്ക് വലിച്ചിടുന്നതു കാരണം ഇതില്‍ നിന്നുമുള്ള ദുര്‍ഗന്ധം ആഴ്ചകളോളം ശ്വസിക്കുവാന്‍ ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഇട വരുന്നതായും ആക്ഷേപം ശക്തം. കാടുകയറിയ ഭാഗങ്ങള്‍ അടിയന്തിരമായി ക്ലീന്‍ ചെയ്യുന്നതിനും റോഡിന്റെ വശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുവാനും ഭരണിക്കാവ് ബ്ലോക്ക് അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രി ജങ്ഷനിലെ കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."