റമദാനിലെ ആത്മീയ ചൈതന്യം ജീവിതം മുഴുവന്‍ പകര്‍ത്തണം: ഇ.എസ് ഹസന് ഫൈസി
ആലുവ: വിശുദ്ധ റമദാനില്‍ നേടിയെടുക്കുന്ന ആത്മീയ ചൈതന്യവും ജീവിത വിശുദ്ധിയും തുടര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സമൂഹം തയാറകണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന് ഫൈസി. സാമൂഹിക ബന്ധങ്ങളിലെ ഇഴയടുപ്പിക്കാന്‍ ഈ മാസം പ്രത്യേകം ശ്രദ്ധിക്കണമെന്നും സഹജീവികളുടെ അവശതകള്‍ കണ്ടെത്തി അവര്‍ക്കിടയില്‍ സഹചാരിയായി ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയവുമായി എസ്.കെ.എസ്. എസ്.എഫ് ആലുവ മേഖല കമ്മറ്റിയുടെ നേത്യത്വത്തില്‍ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന റമദാന് പ്രഭാഷണ പരബരയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം തോട്ടുംമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിലീഫ് കിറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഇസ്ലാമിലെ മനുഷ്യ അവകാശം എന്ന വിഷയത്തില്‍ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന് അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് ഷാജഹാന് അല്‍ ഖാസിമി അദ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.കെ അബ്ദുള്ള ഇസ്ലാമിയ സ്വാഗതം പറഞ്ഞു. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹുദവി, ജനറല്‍ സെക്രട്ടറി സിദ്ദിക്ക് കുഴിവേലപ്പടി, സി.കെ അബ്ദുറഹ്മാന് മൗലവി, വി.കെ മുഹമ്മദ് ഹാജി, കെ.എം ബഷീര്‍ ഫൈസി, മുസ്തഫ കമാല്‍, യഹിയ പാല പ്രശ്ശേരി, ഇബ്രാഹിം കുട്ടി റഷാദി, മുട്ടം അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ ഒന്‍പതിന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ഖബറിലെ അത്ഭുതങ്ങള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ് ഷഫീഖ് നഈമിയുടെ ദുആയ്ക്ക് നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്മാന് മുസ്തഫ കമാല്‍ അദ്ധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."