കാടാശേരിയിലെ സണ്‍റൈസ് വാലി അടഞ്ഞുതന്നെ
മേപ്പാടി: വടുവഞ്ചാലിനടുത്ത കാടാശേരിയിലെ ടൂറിസ്റ്റ് കേന്ദ്രമായ സണ്‍റൈസ് വാലി തുറക്കാന്‍ നടപടിയില്ല. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്ഡ്രൈസ് വാലി ഒരു വര്‍ഷം മുമ്പാണ് അടച്ചത്. കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് അടക്കുന്നവെന്നായിരുന്നു വനം വകുപ്പിന്റെ വാദം.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കേന്ദ്രം തുറക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സൂര്യോദയം മനോഹരമായി കാണാമെന്നതും സൂചിപ്പാറ, മീന്മുട്ടി, കാന്തന്‍പാറ എന്നീ വെള്ളചാട്ടങ്ങള് ആസ്വദിക്കാനാകുമെന്നതുമാണ് സണ്‍റൈസ് വാലിയുടെ പ്രത്യേകത. മുപ്പൈനാട് വില്ലേജില്‍ കടാശേരിയില് നിന്നും മീറ്ററുകള്‍ മാത്രം നടന്നാല്‍ വ്യൂപോയിന്റിലെത്താം.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ 20 മീറ്ററോളം നടന്നു വേണം കേന്ദ്രത്തിലെത്താന്‍. എന്നാല്‍ ഇവര്‍ ഇതുവരെ സഞ്ചാരികള്‍ പ്രവേശിക്കുന്നതിന് തടസ്സം ഉണ്ടാക്കിയിട്ടില്ല. ദിവസവും നിരവധി സഞ്ചാരികളാണ് ഇപ്പോഴും ഇവിടെ വന്ന് മടങ്ങുന്നത്. സണ്‍റൈസ് വാലിയില്‍ വന സംരക്ഷണ സമിതി രൂപീകരിച്ച് കേന്ദ്രം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ ടൂറിസം പ്രാധാന്യമുള്ള മീന്മുട്ടി വെള്ളച്ചാട്ടവും ഇതുപോലെ അടഞ്ഞ് കിടക്കുകയാണ്.
സണ്‍റൈസ് വാലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വനത്തിലേക്ക് പ്രവേശിക്കരുതെന്ന ബോര്‍ഡ് മാത്രമേ ഇപ്പോള്‍ കാണാന്‍ കഴിയൂ. പ്രദേശ വാസികളില്‍ ചിലര്‍ സഞ്ചാരികളെ കടത്തിവിട്ട് പണം വാങ്ങുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."