ജില്ലയില്‍ കടലാക്രമണം രൂക്ഷം: മണ്‍സൂണിന് മുന്‍പേ തീരദേശം വറുതിയിലേക്ക്
തൃശൂര്‍: ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും ഇന്നലെ ശക്തമായ മഴ ലഭിച്ചു. മഴക്കൊപ്പം ശക്തമായ തിരമാലയും കാറ്റും ജില്ലയിലെ തീരദേശത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു.
ചാവക്കാട്, ചേറ്റുവ, മുനക്കക്കടവ്, തളിക്കുളം, ഏങ്ങണ്ടിയൂര്‍,പൊക്കുളങ്ങര ബീച്ച്, പൊക്കാഞ്ചേരി, വാടാനപ്പള്ളി ബീച്ച്, തമ്പാന്‍ക്കടവ്, മമ്മിക്കടവ്, ചാമക്കാല, കൊപ്രാക്കളം, നാട്ടിക, ഏറിയാട്, അഴീക്കോട്, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.
ഇവിടങ്ങളില്‍ നിരവധി വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ്, വെളിച്ചെണ്ണപ്പടി, മൂസ റോഡ്, ആശുപത്രി പടി തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ തിരമാലയില്‍ കടല്‍ഭിത്തി തകര്‍ന്നാണ് വീടുകളിലേക്ക് വെള്ളം കയറിയത്.
പലവീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു.
മൂസ റോഡില്‍ കടലാക്രമണം തടയാന്‍ ജെ.സി.ബി ഉപയോഗിച്ച് മണല്‍ തിട്ട തീര്‍ത്താണ് തിരമാലകളെ താല്‍കാലികമായെങ്കിലും ചെറുക്കുന്നത്.
അഹമ്മദ് ഗുരുക്കള്‍ റോഡ് വരെ കടല്‍വെള്ളമെത്തിയിട്ടുണ്ട്. എറിയാട് മേഖലയില്‍ രൂക്ഷമായ കടലാക്രമണത്തില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി.
നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിലായി. എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, ആറാട്ടുവഴി, അയ്യപ്പന്‍ പാലം തുടങ്ങിയ പ്രദേശങ്ങളില്‍ കടല്‍ കരയിലെത്തി.
പലയിടങ്ങളിലും രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ കടല്‍ എത്തി. ചന്ത കടപ്പുറത്ത് പടിയത്ത് പള്ളി വരെ വെള്ളം കയറിയ നിലയിലാണ്.
രാവിലെ എട്ട് മണിയോടെ ആരംഭിച്ച കടല്‍ക്ഷോഭം രണ്ട് മണിക്കൂറിനകം ശക്തി പ്രാപിക്കുകയായിരുന്നു.
ഇവിടങ്ങളിലെ നൂറ് കണക്കിന് വീടുകള്‍ കടല്‍കയറി താമസ യോഗ്യമല്ലാതായി.
വയോധികരും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ സുരക്ഷിത കേന്ദ്രം തേടി പോയിത്തുടങ്ങിയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം വൈകിയും ആരംഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. തളിക്കുളം തമ്പാന്‍ക്കടവിലും പൊക്കാഞ്ചേരിയിലും ഏങ്ങണ്ടിയൂരിലും കടലേറ്റം രൂക്ഷമായി തുടരുകയാണ്.
തളിക്കുളം തമ്പാന്‍ക്കടവ് ബീച്ചിനോട് ചേര്‍ന്നുള്ള തീരദേശ റോഡിലേക്ക് കടല്‍വെള്ളം അടിച്ചുകയറുന്നുണ്ട്.
രൂക്ഷമായ കടലേറ്റത്തില്‍ നിരവധി തെങ്ങുകള്‍ കടപുഴകി. ഇരുപതിലധികം തെങ്ങുകള്‍ ഏത് നിമിഷവും കടലെടുക്കാവുന്ന നിലയിലാണ്.
മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്‍പേ കടലേറ്റം രൂക്ഷമായതോടെ പ്രദേശവാസികളും ഭീതിയിലാണ്.
കടലാക്രമണം ശക്തമായതോടെ തീരദേശം വറുതിയിലേക്ക് നീങ്ങുകയാണ്. നാളെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
കടല്‍ പ്രക്ഷ്ബുധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കടലേറ്റം രൂക്ഷമായ പ്രദേശങ്ങളില്‍ ജില്ലാകലക്ടറും തഹസില്‍ദാറും ഉടന്‍ സന്ദര്‍ശനം നടത്തണമെന്നും മത്സ്യതൊഴിലാളികളുടെ ആശങ്ക നീക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."