അഴിമതി ആരോപണം ചെറുത്ത് റഷ്യ: അലെക്‌സിയെ ജയിലിലടച്ചു
മോസ്‌കോ: സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിഷേധ റാലി നടത്തുന്നത് പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസ് ക്രെംലിന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നെയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ക്രെംലിന്‍ പ്രതികരിച്ചത്.
ഇന്നലെ അലെക്‌സിയെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കൂടുതല്‍ പ്രക്ഷോഭം നടത്താന്‍ അലെക്‌സി ആഹ്വാനം ചെയ്തു. ഞായറാഴ്ച നൂറോളം നഗരങ്ങളിലാണ് പ്രതിപക്ഷത്തിന്റെ പേരില്‍ പ്രതിഷേധ റാലി നടത്തിയത്. മധ്യ മോസ്‌കോയിലെ റാലിയില്‍ നിന്നാണ് അലെക്‌സിയെ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം നിയമലംഘനമാണെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ക്രെംലിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ റാലിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത നടപടിയെ പെസ്‌കോവ് ന്യായീകരിച്ചു. യുവാക്കളെ പണം നല്‍കിയാണ് റാലിയില്‍ പങ്കെടുപ്പിച്ചതെന്നും പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു. അറസ്റ്റിലായവര്‍ക്കെതിരേ നിയമം ലംഘിച്ചതിന് 20,000 റൂബിള്‍ (350 ഡോളര്‍) പിഴ ചുമത്തി.
കോടതിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി ദിമിത്രി മെഡ്്‌വേദേവ് അഴമിതിക്കാരനാണെന്ന് അലെക്‌സി ആവര്‍ത്തിച്ചു. താന്‍ കോടതിയിലാണെന്നും അഴിമതിക്കാരെയാണ് ഇവിടെ വിചാരണ ചെയ്യേണ്ടതെന്നും അലെക്‌സി ട്വീറ്റ് ചെയ്തു. 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിടിനെതിരേ മത്സരിക്കുന്ന അലെക്‌സിക്ക് സാഹചര്യങ്ങള്‍ അനുകൂലമാണ്. അലെക്‌സിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിയമവിരുദ്ധമായി പ്രകടനം നടത്തിയെന്നകേസിലാണിത്. ഔദ്യോഗിക ചാനലും സര്‍ക്കാര്‍ അനുകൂല പത്രവും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ വാര്‍ത്ത നല്‍കിയിരുന്നില്ല. 2012 ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു ശേഷം റഷ്യയില്‍ ഇത്തരത്തിലൊരു പ്രക്ഷോഭം ഇതാദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."