കാര്യാട്ട് വളവില്‍ അപകടം തടയാന്‍ ക്രാഷ് ബാരിക്കേഡ് സ്ഥാപിക്കുന്നു
മാവൂര്‍: മാവൂര്‍-കോഴിക്കോട് റോഡില്‍ സ്ഥിരം അപകടമേഖലയായ കല്‍പള്ളി കാര്യാട്ട് വളവില്‍ ക്രാഷ് ബാരിക്കേഡ് സ്ഥാപിച്ചുതുടങ്ങി.
കാര്യാട്ട് വളവില്‍ 80 മീറ്റര്‍ നീളത്തിലാണ് ബാരിയര്‍ സ്ഥാപിക്കുന്നത്. ഇവിടെ റോഡിന്റെ ഒരു വശത്ത് കല്‍പ്പള്ളി തെങ്ങിലക്കടവ് നീര്‍ത്തടമാണ്. അപകടവളവില്‍ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ പതിച്ച് അപകടം ഉണ്ടാകാതിരിക്കാനാണ് ബാരിക്കേഡ് സ്ഥാപിച്ചത്. മാവൂര്‍-കോഴിക്കോട് റോഡിന്റെ വലതുവശത്താണ് ബാരിക്കേഡ്. സ്ഥാപിക്കല്‍ പ്രവൃത്തി അടുത്ത ദിവസം പൂര്‍ത്തിയാകുന്നതോടെ റിഫ്‌ളക്ടര്‍ സ്ഥാപിക്കും. മുന്‍പ് വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന വളവായിരുന്നു ഇത്. പിന്നീട് വളവില്‍ റോഡ് അല്‍പം വീതി കൂട്ടിയതോടെ അപകടം കുറഞ്ഞെങ്കിലും കല്‍പ്പള്ളി മുതല്‍ തെങ്ങിലക്കടവ് വരെയുള്ള റോഡിന്റെ മറ്റു ഭാഗങ്ങള്‍ നിരന്തര അപകടമേഖലയാണ്.
മിക്കയിടത്തും റോഡിന് വീതി കുറവും ഇരുഭാഗത്തും താഴ്ചയില്‍ വെള്ളക്കെട്ടുമാണ്. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോഴും മറ്റും നിയന്ത്രണംവിട്ട് നീര്‍ത്തടത്തില്‍ പതിക്കുന്നത് പതിവാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച ഫയര്‍ഫോഴ്‌സ് വാഹനം നിയന്ത്രണംവിട്ട് നീര്‍ത്തടത്തിലേക്ക് പതിച്ചിരുന്നു. കാറ്റില്‍ മരം വീണിടത്തുണ്ടായ ഗതാഗത സ്തംഭനം നീക്കാന്‍ പോകുന്നതിനിടെ പെട്ടെന്ന് റോഡിലേക്ക് പതിച്ച മരക്കൊമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കല്‍പ്പള്ളി മുതല്‍ തെങ്ങിലക്കടവ് വരെയുള്ള ഭാഗത്ത് റോഡ് വീതി കൂട്ടിക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."