മദ്റസ അധ്യാപകന്റെ പണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
പയ്യന്നൂര്‍: മദ്റസ അധ്യാപകന്റെ പണം മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നിരവധി മോഷണക്കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചെര്‍ക്കള സ്വദേശിയും ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസക്കാരനും മത്സ്യവ്യാപാരിയുമായ മുഹാദി(30)നെയാണ് പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ വെള്ളൂര്‍ ആലിന്‍കീഴിലെ ജുമുഅത്ത് പള്ളിയിലാണ് സംഭവം. ബൈക്കിലെത്തിയ ഇയാള്‍ മദ്റസ അധ്യാപകനായ ചീമേനി പെരുമ്പട്ടയിലെ ടി.പി റഫീക്കുമായി സൗഹൃദത്തിലായ ശേഷം പള്ളിയോട് ചേര്‍ന്ന മദ്റസയില്‍ ഉറങ്ങുകയും പുലര്‍ച്ചെ പണവുമായി കടന്നുകളയുകയുമായിരുന്നു. മദ്റസ അധ്യാപകന് നാട്ടുകാരോട് സംഭവം അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് എടുക്കുന്നതിനായി ഇയാള്‍ വീണ്ടും എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ ഇരിക്കൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഈ കേസില്‍ പിടികിട്ടാപ്പുള്ളിയായ ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. കഴിഞ്ഞമാസം കുഞ്ഞിമംഗലത്തെ പള്ളിയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. ഈ മോഷണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."