വികസനം കാത്ത് ബിരിക്കുളം
ബിരിക്കുളം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായിട്ടും വേണ്ടത്ര വികസനമില്ലാത്ത ബിരിക്കുളം. കൊല്ലമ്പാറ-പരപ്പ, കാലിച്ചാമരം-പരപ്പ റോഡുകളുടെ സംഗമ സ്ഥലം കൂടിയാണ് ഇവിടം. കാളിയാനം, ചെന്നക്കോട്, മേലാഞ്ചേരി ,കൂടോല്‍, കരിയാര്‍പ്പ്, പ്ലാത്തടം, നെല്ലിയര, കൊട്ടമടല്‍, പാമ്പങ്ങാനം, ചേമ്പേന, ചെറൂളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയമാണ് ഈ ടൗണ്‍. ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി ഇതര ടൗണുകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ ബസ് കയറുന്നത് ഇവിടെയെത്തിയാണ്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസ്, കന്നുകാലി പരിപാലനകേന്ദ്രം, കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവയാണ് ഇവിടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.
അതേസമയം വി.ഇ.ഒ ഓഫിസില്‍ ഓഫിസര്‍ വരാത്തതിനാല്‍ കെട്ടിടം കാടുമൂടിയ നിലയിലാണ്. രാത്രി കാലങ്ങളില്‍ സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമായും ഇത് മാറിയിട്ടുണ്ട്. കന്നുകാലി പരിപാലന കേന്ദ്രത്തില്‍ ഒരു അസിസ്റ്റന്റിന്റെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. വളര്‍ത്തുമൃഗങ്ങള്‍ക്കും കോഴികള്‍ക്കും അസുഖം വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോയിത്തട്ടയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ഹെല്‍ത്ത് നഴ്‌സിന്റെയും സേവനം ലഭ്യമാണെങ്കിലും രോഗങ്ങള്‍ ബാധിച്ചാല്‍ കോയിത്തട്ട, വെള്ളരിക്കുണ്ട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തേണ്ട സ്ഥിതിയിലാണ്. അതിനാല്‍ ഇവിടെ ഡോക്ടറുടെ പരിശോധന ലഭ്യമാകുന്ന സര്‍ക്കാര്‍ ക്ലിനിക്ക് ബിരിക്കുളത്തു തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.
വിദ്യാഭ്യാസ മേഖലയില്‍ കിനാനൂര്‍ സെക്കന്റ് ഗ്രാമസേവാ സംഘത്തിന്റെ കീഴിലുള്ള എയ്ഡഡ് യു .പി സ്‌കൂളാണ് ഇവിടെയുള്ളത്. അക്കാദമികമായി മികവു പുലര്‍ത്തുന്ന ഈ സ്‌കൂള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അതിനുള്ള തീരുമാനം കൈക്കൊണ്ടിരുന്നെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
ബിരിക്കുളത്തിനടുത്ത് കൂടോല്‍ കടലാടിപ്പാറയില്‍ കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് പോളിടെക്‌നിക് അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇത് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇവിടെയുള്ള സര്‍ക്കാര്‍ ഭൂമി ഉപയോഗിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ നിലവില്‍ വെള്ളരിക്കുണ്ട് ജോ.ആര്‍.ടി ഓഫിസിന്റെ കീഴിലുള്ള ടെസ്റ്റിങ് ഗ്രൗണ്ടിനായി കണ്ടെത്തിയ പുലിയംകുളത്തിനടുത്തുള്ള സ്ഥലവും സര്‍ക്കാര്‍ സ്ഥാപനം ആരംഭിക്കാന്‍ മാത്രമേ വിട്ടുകൊടുക്കാന്‍ പാടുള്ളൂ എന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."