ജിഷ വധക്കേസ്: കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പ്രതി കോടതിയില്‍
കൊച്ചി: തന്നെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കുറ്റവിമുക്തനാക്കണമെന്നാണ് ആവശ്യം. പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ വഴിയാണ് ഇയാള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയത്. ഹരജി കോടതി അടുത്ത ദിവസം പരിഗണിക്കും.
ഇതോടൊപ്പം, സംസ്ഥാന സര്‍ക്കാരിന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്നും, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുമുതല്‍ കേസിന്റെ നടപടിക്രമങ്ങളിലും തെളിവുകള്‍ ശേഖരിച്ചതിലും വീഴ്ചയുണ്ടായിട്ടുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്. അമീര്‍തന്നെയാണോ പ്രതിയെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിജിലന്‍സ് ഉന്നയിക്കുന്നുണ്ടെന്നും അഡ്വ. ബി.എ ആളൂര്‍ പറഞ്ഞു.കേസില്‍ വീണ്ടും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പ്രതിഭാഗം പ്രത്യേകം ഹരജികള്‍ നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ 11 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28 ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി അമീര്‍ ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് കുറ്റപത്രത്തിലെ ആരോപണം.
വീട്ടില്‍ മറ്റാരുമില്ലെന്ന് അറിഞ്ഞ് അതിക്രമിച്ച് കടന്ന പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിലുള്ള വൈരാഗ്യത്താല്‍ ആയുധമുപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലിസിന്റെ ആരോപണം. കൊല നടന്ന് 49 ാം ദിവസമായ ജൂണ്‍ 16 നാണ് പ്രതിയെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ രഹസ്യ വിചാരണയാണ് കോടതി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."