ഫയര്‍ഫോഴ്‌സില്‍ മേധാവികളില്ലാത്ത സമയത്ത് 99 കെട്ടിടങ്ങള്‍ക്ക് തിരക്കിട്ട് അനുമതി
തിരുവനന്തപുരം: മുന്‍ മേധാവികള്‍ അനുമതി നിഷേധിച്ച ബഹുനില കെട്ടിടങ്ങള്‍ക്ക് മേധാവികളില്ലാത്ത സമയത്ത് ഫയര്‍ഫോഴ്‌സ് ക്രമവിരുദ്ധമായി എന്‍.ഒ.സി നല്‍കി.
കഴിഞ്ഞ മെയ് 25 മുതല്‍ ഓഗസ്റ്റ് എട്ടുവരെയുള്ള കാലയളവില്‍ 99 കെട്ടിടങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയപ്പോള്‍ മാനദണ്ഡം ലംഘിച്ച് നിര്‍മിച്ചതിന് എന്‍.ഒ.സി നല്‍കാത്ത 77 വന്‍കിട കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജേക്കബ് തോമസിന്റെ പദവി തെറിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് മേധാവികളായി എത്തിയ അനില്‍കാന്ത്, ലോക്‌നാഥ് ബെഹ്‌റ എന്നിവരും എന്‍.ഒ.സി നല്‍കിയിരുന്നില്ല. ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ നാഥനില്ലാതായി. 77 ദിവസം കഴിഞ്ഞാണ് പുതിയ ഡയറക്ടറായി എ.ഡി.ജി.പി ഹേമചന്ദ്രനെ നിയമിച്ചത്. ഈ അവസരം മുതലെടുത്ത് അനുമതി നിഷേധിച്ചിരുന്ന 99 കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇ.വി പ്രകാശ് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ടെക്‌നിക്കല്‍ ഡയറക്ടര്‍ക്ക് ഫയര്‍ അക്കാദമിയുടെ ചുമതല മാത്രമായിരുന്നു നല്‍കിയിരുന്നത്. ഫയര്‍ഫോഴ്‌സ് മേധാവിയെ നിയമിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിന്റെ ചുമതല ഇദ്ദേഹത്തിനു നല്‍കിയത്.
അതേ സമയം, എന്‍.ഒ.സി നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."