റോഡുകളില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലും മണ്ണും അപകടങ്ങള്‍ക്കിടയാക്കുന്നു
എരുമപ്പെട്ടി: സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി എരുമപ്പെട്ടി പാഴിയോട്ടുമുറിയില്‍ നടക്കുന്ന കലുങ്ക് നിര്‍മാണത്തിനായി റോഡരുകില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലും മണ്ണും അപകടങ്ങള്‍ക്കിടയാക്കുന്നു. തിങ്കളാഴ്ച രാത്രിയില്‍ മണ്‍കൂനയില്‍ കയറി നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കാനയിലേക്ക് മറിഞ്ഞു.
റോഡ് വികസനത്തിന്റെ ഭാഗമായി കുന്നംകുളം-വടക്കാഞ്ചേരി റോഡരുകിലെ പാഴിയോട്ടുമുറി പാടശേഖരത്തില്‍ പാര്‍ശ്വഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. പഴയ ഭിത്തി പൊളിച്ചെടുക്കുന്ന കരിങ്കല്ലും മണ്ണും റോഡില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ മണ്ണ് ഒഴുകി റോഡ് ചെളിയാകുന്നതും കരിങ്കല്ലുകള്‍ ശ്രദ്ധയില്‍പെടാത്തതുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
രാത്രിയിലാണ് അപകട സാധ്യത കൂടുന്നത്.എതിരെ വന്ന വാഹനത്തിന് വശം ഒതുക്കി കൊടുക്കുന്നതിനിടയിലാണ് എരുമപ്പെട്ടി സ്വദേശി സഞ്ചരിച്ചിരുന്ന ജീപ്പ് കരിങ്കല്ലില്‍ കയറി നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞത്. ആലത്തൂര്‍ - ഗുരുവായൂര്‍ സംസ്ഥാന പാതയായ ഇതിലൂടെ രാപകല്‍ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. രാത്രിയില്‍ ശ്രദ്ധയില്‍ പെടുന്ന രീതിയില്‍ സൂചനബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."