എങ്കക്കാട് രാമസ്മാരക എല്‍.പി സ്‌കൂളിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു
വടക്കാഞ്ചേരി : പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എങ്കക്കാട് രാമസ്മാരക എല്‍.പി സ്‌കൂളില്‍ വന്‍ പ്രതിസന്ധി. മാനേജ്‌മെന്റും നാട്ടുകാരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാവുകയാണ്. കഴിഞ്ഞ നാലു വര്‍ഷമായി സ്‌കൂളിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ സ്‌കൂള്‍ സംരക്ഷണ സമിതി സ്‌കൂളിലെ നിയമനങ്ങള്‍ സുതാര്യമാകണമെന്നും പഴയ കെട്ടിടങ്ങള്‍ പൊളിച്ചു ആധുനിക കെട്ടിട സമുച്ചയം വേണമെന്നും ശക്തമായ നിലപാടെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഏപ്രില്‍ ഒന്നിനു നാലു നഗരസഭ കൗണ്‍സിലര്‍മാരടക്കം പങ്കെടുത്ത നാട്ടുകാരുടെ പൊതുയോഗം ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെടുത്തത്.
ഇതിനോടനുബന്ധിച്ചു ഇന്നലെ ചേര്‍ന്ന നാട്ടുകാരുടെ പൊതുയോഗം തടസപ്പെടുത്താനായി സ്‌കൂള്‍ താഴിട്ടു പൂട്ടുകയും അനധികൃതമായി പൊതുയോഗം വിളിച്ചതിനു നഗരസഭ കൗണ്‍സിലര്‍ വി.പി മധുവിന്റെയും സംരക്ഷണ സമിതി ഭാരവാഹികളുടെയും പേരില്‍ പൊലിസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയുമാണു സ്‌കൂള്‍ മാനേജ്‌മെന്റു ചെയ്തത്. ഇതേത്തുടര്‍ന്നു സ്‌കൂളിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധയോഗം ചേര്‍ന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.ആര്‍ സോമനാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. സമരത്തിനു നഗരസഭയുടെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും നാട്ടുകാരുടേയും പൂര്‍വ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ വികസന സമിതികള്‍ രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ അട്ടിമറിക്കുന്ന മാനേജ്‌മെന്റിന്റെ പ്രവര്‍ത്തിക്കെതിരെ ശക്തമായ നടപടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു. 93 വര്‍ഷം പഴക്കമുള്ള സ്‌കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു ഉന്നത അധികൃതര്‍ക്കു നിവേദനം സമര്‍പിക്കാന്‍ യോഗം തീരുമാനിച്ചു.
നിയമനങ്ങള്‍ അഴിമതി വിമുക്തവും സുതാര്യവുമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തെ അട്ടിമറിക്കുന്ന മാനേജ്‌മെന്റിനെതിരേ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം സമര്‍പിക്കാനും യോഗം തീരുമാനിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ് കുമാറും പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."