ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുപിന്നില്‍ ട്യൂഷന്‍ സെന്ററുകളിലെ സര്‍ക്കാര്‍ അധ്യാപകര്‍
കോഴിക്കോട്: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെയും പ്ലസ്‌വണ്‍ ജ്യോഗ്രഫി പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നതിനുപിന്നില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ അധ്യാപകര്‍.
ഇടതുപക്ഷ അധ്യാപക സംഘടനാ പ്രവര്‍ത്തകന്റെ പിതാവ് നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങളാണ് കണക്ക് പരീക്ഷയില്‍ ഉള്‍പ്പെട്ടത്. 300ഓളം സ്‌കൂളുകള്‍ക്ക് ഇവര്‍ ചോദ്യപേപ്പര്‍ വിറ്റതായി ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ അധ്യാപകനെതിരേ യാതൊരു നടപടിയുമെടുത്തില്ല. ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫെയര്‍ സ്‌കൂളിലെ സുജിത്ത് കുമാറിനെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇടത് അധ്യാപക സംഘടനയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മറ്റ് അന്വേഷണങ്ങളിലേക്ക് നീങ്ങാത്തതെന്നാണ് ആരോപണം.
പ്ലസ്‌വണ്‍ ജ്യോഗ്രഫി ചോദ്യപേപ്പറിലെ 43 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി.എ പുറത്തിറക്കിയ മാതൃകാ ചോദ്യപേപ്പറില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഹിന്ദി ചോദ്യപേപ്പറില്‍ ഏഴോളം വ്യാകരണ പിശകുകളും കണ്ടെത്തി.സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് നേരത്തേതന്നെ ആവശ്യമുയര്‍ന്നിരുന്നു. നടപടിയുണ്ടാകുമെന്ന് ഭയന്ന് വ്യാജ പേരുകളിലാണ് പലരും സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നത്. സ്‌കൂള്‍ ട്യൂഷന്‍ കൂടാതെ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന എല്‍.ഡി.സി പരീശീലനം, എന്‍ട്രന്‍സ് കോച്ചിങ് തുടങ്ങിയിടങ്ങളിലും സര്‍ക്കാര്‍ അധ്യാപകര്‍ ജോലിചെയ്യുന്നുണ്ട്.
അവധിയെടുത്തും മറ്റുമാണ് ഇവര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ ഇവര്‍ക്കെതിരേ നടപടിയുണ്ടാകുന്നില്ല. പി.എസ്.സി ചോദ്യങ്ങള്‍ തയാറാക്കുന്നതിനുപിന്നിലും സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."