പയ്യന്നൂര്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
പയ്യന്നൂര്‍: പയ്യന്നൂരിലെ കോണ്‍ഗ്രസില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആരംഭിച്ച ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടിക്ക് പയ്യന്നൂരിലെ തമ്മിലടി കൂടുതല്‍ തിരിച്ചടിയുണ്ടാക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട പയ്യന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് വിമത വിഭാഗം ശക്തമായ പടയൊരുക്കം നടത്തുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ പ്രത്യേകമായി സജിത്ത്‌ലാല്‍ അനുസ്മരണം നടത്തി. ഔദ്യോഗിക വിഭാഗം രണ്ടുദിവസംമുന്‍പ് നടത്തിയ സജിത്ത്‌ലാല്‍ അനുസ്മരണത്തിനു പുറമേയാണ് വിമതവിഭാഗത്തിന്റെ അനുസ്മരണ പരിപാടി പ്രത്യേകമായി നടന്നത്. പയ്യന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറില്‍പരം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ നിഷ്പക്ഷരായ നിരവധി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.എന്‍ കണ്ണോത്താണ് വിമത വിഭാഗത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്തത്. പയ്യന്നൂരിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചു. മാഫിയാ കേന്ദ്രങ്ങളുടെയും അഴിമതിക്കാരുടെയും താവളമായി കോണ്‍ഗ്രസ് ഓഫിസായ ഗാന്ധി മന്ദിരം മാറിയെന്ന് അദ്ദേഹം പറഞ്ഞു. വിമതവിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ നാളെ വി.എം. സുധീരന്‍ പങ്കെടുക്കുന്ന പരിപാടി വലിയ വിജയമാക്കേണ്ടത് ഔദ്യോഗിക വിഭാഗത്തിന്റെ അഭിമാന പ്രശ്‌നമായി മാറിക്കഴിഞ്ഞു. നേതൃത്വത്തിലെ ചിലരുടെ തന്നിഷ്ട പ്രകാരമുള്ള പ്രവൃത്തിയില്‍ മനംമടുത്തതിനെത്തുടര്‍ന്ന് പല പ്രാദേശിക നേതാക്കളും വിമത വിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. വിമത കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ രാജേന്ദ്രകുമാറിനെയും കൂടെയുള്ളവരെയും തിരിച്ചെടുക്കണമെന്നാണ് വിമതന്മാരുടെ ആവശ്യം. തെരഞ്ഞടുപ്പിന് രണ്ടുദിവസം മുന്‍പ് രാമന്തളിയില്‍ ഡി.സി.സി സെക്രട്ടറി എ.പി നാരായണനെ കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് രാജേന്ദ്രകുമാറിനെ പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."