സാമൂഹികനീതി സമുച്ചയത്തിന്റെ നിര്‍മാണം അടുത്തമാസം
എടപ്പാള്‍: തവനൂരിലെ സാമൂഹികനീതി സമുച്ചയത്തിന്റെ നിര്‍മാണം അടുത്തമാസം ആരംഭിക്കും. ഉദ്യാനം, ജെറിയാട്രിക് പാര്‍ക്ക്, ശ്മശാനം, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയാണ് തവനൂരിലെ സാമൂഹികനീതി സമുച്ചയം നിര്‍മിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സാമൂഹികനീതി വകുപ്പിനു കീഴിലുള്ള തവനൂരിലെ അഞ്ചു സ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലാകും. നിലവിലുള്ള വയോജന മന്ദിരം, മഹിളാ മന്ദിരം, പ്രതീക്ഷാഭവന്‍, ചില്‍ഡ്രന്‍സ് ഹോം, റസ്‌ക്യൂഹോം എന്നീ സ്ഥാപനങ്ങള്‍ ഒരുമിച്ചാകും.
38 കോടി രൂപ ചെലവില്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് ഉടന്‍ ആരംഭിക്കുക. 4.6 കോടി രൂപയുടെ ആദ്യഘട്ടത്തിന്റെ ടെന്‍ഡര്‍ പെരിന്തല്‍മണ്ണ ആസ്ഥാനമായ സ്വകാര്യ കമ്പനി ഏറ്റെടുത്തു. പദ്ധതിപ്രദേശത്തെ മരങ്ങള്‍ വനംവകുപ്പിന്റെ അനുമതിയോടെ മുറിച്ചശേഷമാണു നിര്‍മാണം തുടങ്ങുകയെന്ന് മരാമത്ത്‌വകുപ്പ് അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ചില്‍ഡ്രന്‍സ് ഹോം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫിസ് തുടങ്ങിയവയ്ക്കാണു കെട്ടിടം ഒരുക്കുന്നത്.
ഇതിനുശേഷം അടുത്തഘട്ടമായി നിലവിലെ സ്ഥാപനങ്ങള്‍ നവീകരിക്കുന്നതടക്കമുള്ള ജോലികള്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."