പെരിയാര്‍വാലി കനാല്‍ കൈയേറ്റം തടയാന്‍ ജെണ്ടകള്‍ സ്ഥാപിക്കും
കാക്കനാട്: കനാല്‍ കൈയേറ്റം തടയുന്നതിന്റെ ഭാഗമായി കനാല്‍ പോകുന്ന പ്രദേശങ്ങളില്‍ ജെണ്ടകള്‍ ( പ്രത്യേകത്തരം അതിര്‍ത്തി കല്ല്) സ്ഥാപിക്കാന്‍ സാമ്പത്തിക അനുമതി ലഭിച്ചതായി പെരിയാര്‍ വാലി അധികൃതര്‍ പറഞ്ഞു. എട്ട് ലക്ഷം രൂപയാണ് ജെണ്ടകള്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് മുതല്‍ തുതിയൂര്‍ വരെയുള്ള പെരിയാര്‍വാലി കനാലിന്റെ പ്രദേശങ്ങളും അതിര്‍ത്തിയും ഇനിയും കൈയേറാതിരിക്കാനും കൈയേറിയാല്‍ തന്നെ തിരിച്ചറിയാനും വേണ്ടിയാണു ജെണ്ടകള്‍ സ്ഥാപിക്കുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്കു ജെണ്ടകള്‍ സ്ഥാപിക്കുന്ന പണികള്‍ ആരംഭിക്കുമെന്ന് എഞ്ചിനീയറിങ് വിഭാഗം അറിയിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കനാലിന്റെ പ്രധാന സ്ഥലങ്ങളില്‍ ജെണ്ടകളും മറ്റു സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് നിര്‍മിത അതീര്‍ത്തി കല്ലുകളും സ്ഥാപിക്കാനാണ് തീരുമാനം. ഇത് പൂര്‍ത്തിയാക്കിയശേഷം കയ്യേറ്റങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും കനാല്‍ പുനര്‍നിര്‍മിക്കുന്ന ജോലികളും ആരംഭിക്കും.
ഇടപ്പള്ളി ബ്രാഞ്ച് കനാലിന്റെ 15 കിലോമീറ്റര്‍ മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള (എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് മുതല്‍ തുതിയൂര്‍ വരെയുള്ള) സ്ഥലത്താണ് കൈയേറ്റം സംബന്ധിച്ച സര്‍വേ ഇതിനകം നടത്തിയിട്ടുള്ളത്. ഇതില്‍ 90 ഓളം ഭാഗത്ത് കയ്യേറ്റം ഉള്ളതായി സര്‍വേ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കനാലിന്റെ ആദ്യ ഭാഗത്തു (ചാത്തന്‍വേലി പാടം പ്രദേശം) കനാലിന്റെ സ്ഥലം അനധികൃതമായി കയ്യേറി 22 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്.
കനാലിന്റെ ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്ഥലം ഉടമകള്‍ സ്വന്തം സ്ഥലത്തിന്റെ മതില് കേട്ടിക്കെറ്റിയും കാര്‍ പോര്‍ച്ച്, ഷെഡ്ഡ് എന്നിവ നിര്മിച്ചുമാണു കനാല്‍ പ്രദേശവും അതീര്ത്തിയും കൈയേറി നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ രാഷ്ടീയക്കാരുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ കണ്ണടച്ച അവസ്ഥയിലാണ്.
കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് കനാല്‍ കൈയേറ്റം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
കനാല്‍ പുനര്‍നിര്‍മിച്ചു തുതിയൂര്‍ വരെ കനാല്‍ വെള്ളം എത്തിക്കാനാണ് നടപടി ആരംഭിച്ചിട്ടുള്ളത്. നിലവില്‍ പെരിയാര്‍വാലി കനാല്‍ പോകുന്ന ഭാഗത്തിന്റെ തൃക്കാക്കര പ്രദേശങ്ങളില്‍ അനധികൃത കയ്യേറ്റം മൂലം അടഞ്ഞുനിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."