പരിയാരം മെഡി. കോളജ്; സര്‍ക്കാരുകള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: ഡോ. ഡി. സുരേന്ദ്രനാഥ്
തളിപ്പറമ്പ്: മാറിവരുന്ന സര്‍ക്കാരുകള്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന വിഷയത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പരിയാരം പ്രക്ഷോഭ സമിതി ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ്. പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ അധീനതയിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതി നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എട്ടു വര്‍ഷമായി പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അധീനതയിലാക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഇതിനായി 100 കോടി മറ്റിവച്ചത് വിശ്വാസത്തിലെടുത്ത് സമരം നിര്‍ത്തിവച്ചു. എന്നാല്‍ അത് പ്രഖ്യാപനത്തിലൊതുങ്ങിയതോടെയാണ് വീണ്ടും സമരത്തിനിറങ്ങിയത്. ഇപ്പോഴത്തെ സര്‍ക്കാരും പരിയാരം ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപനം നടത്തി. ഈ പ്രഖ്യാപനവും ഞങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ട് പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ അധീനതയില്‍ ആകുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിലാത്തറയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പരിയാരം മെഡിക്കല്‍ കോളജ് കവാടത്തിനു മുന്നില്‍ പൊലിസ് തടഞ്ഞു. മാര്‍ച്ചില്‍ അഡ്വ. വിനോദ് പയ്യട അധ്യക്ഷനായി. വി. ദേവദാസ്, രാഘവന് കാവുമ്പായി, ജോണി പാമ്പാടിയില്‍, ജയ്സന് ഡൊമനിക്, മേരി അബ്രഹാം, ടി. ചന്ദ്രന്, കെ. രാജന്, അഡ്വ. രാജീവന് കപ്പച്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."