കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പദവി കൈമാറ്റം ശ്രമകരമാകും
കുളത്തൂപ്പുഴ: മുന്നണി ധാരണ പ്രകാരമുള്ള പ്രസിഡന്റ് പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.ഐ കടുത്ത നിലപാടില്‍. ഇതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പദവി കൈമാറ്റം അത്ര ലളിതമാക്കാതെ സി.പി.എമ്മിനു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്താനാണ് അണിയറ നീക്കം.
മുന്നണി ബന്ധം വഷളാക്കിയ സി.പി.എം, സി.പി.ഐ പോരിനു മറുപടി നല്‍കാനായാണു സി.പി.ഐ ശ്രമം. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിനെ തുടര്‍ന്നു വഷളായ മുന്നണി ബന്ധത്തില്‍ ചര്‍ച്ച നടത്തി മാത്രമേ പഴയപടിയിലെത്തിക്കാനാവൂ എന്ന നിലപാടിലാണു സി.പി.ഐ.
പഞ്ചായത്തില്‍ സി.പി.എം പ്രതിനിധി അയോഗ്യയായതോടെ നടന്ന കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. സി.പി.എം വിട്ടുനിന്ന പശ്ചാത്തലത്തില്‍ യു.ഡി.എഫിനായിരുന്നു ജയം. കുടുംബശ്രീ തുടര്‍ന്നും സി.പി.എമ്മിനു വേണമെന്ന വാദം തള്ളിയായിരുന്നു സി.പി.ഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നത്. പിന്നീട് വനംവകുപ്പിന്റെ വനശ്രീ മണല്‍കേന്ദ്രത്തിലെ വിതരണ വിഷയത്തില്‍ സി.പി.എം രാഷ്ട്രീയമായി സി.പി.ഐയെ പ്രതിക്കൂട്ടിലാക്കി സമരത്തിനിറങ്ങിയിരുന്നു. ഈ രണ്ടു വിവാദ വിഷയങ്ങളാണു സി.പി.ഐയെ പദവി കൈമാറ്റ വിഷയത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത നിലപാടിലെത്തിച്ചത്.
സി.പി.ഐയിലെ എസ് നളിനിയമ്മയുടെ പ്രസിഡന്റ് പദവിയില്‍ ആദ്യ രണ്ടര വര്‍ഷ കാലാവധി ഈ മാസം തീരും. ശേഷിച്ച കാലം പദവി സിപിഎമ്മിനു നല്‍കണമെന്നാണു ധാരണ. നളിനിയമ്മയുടെ രാജി ജൂണ്‍ ഒന്നിന് ഉണ്ടാകുമെന്നാണു സി.പി.എമ്മിന്റെ പ്രതീക്ഷ. അതേ സമയം രാജിക്കാര്യത്തില്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമാകൂ എന്നു സി.പി.ഐ പറയുന്നു. ഇരുപക്ഷവും അനുരഞ്ജനത്തില്‍ എത്തിയില്ലെങ്കില്‍ ഗ്രാമപഞ്ചായത്തിലെ ഇടതുമുന്നണി ഭരണത്തിന്റെ ഭാവി ത്രിശങ്കുവിലായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."