ചെങ്കൊടി വിടാതെ ചെങ്ങന്നൂര്‍; സജി ചെറിയാന് 20,956 വോട്ടിന്റെ ചരിത്രവിജയം
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന് ചരിത്രവിജയം. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ലീഡ് നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ പഞ്ചായത്താണ് പാണ്ടനാട്. 288 വോട്ടുകളായിരുന്നു യു.ഡി.എഫ് ലീഡ്.
ഇത്തവണ 66861 വോട്ടുകളാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫ് 46084 ഉം എൻ.ഡി.എ 35084 വോട്ടും നേടി. 2016ല്‍ 52,880 വോട്ടുകളാണ് എല്‍.ഡി.എഫ് ഇവിടെ നേടിയത്.
1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാന്‍ മറികടന്നു. ഈ വിജയം കണക്കുകൂട്ടലിനപ്പുറമാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പ്രതികരിച്ചു.
ആദ്യഫലസൂചനകള്‍ ലഭ്യമായപ്പോള്‍തന്നെ എല്‍.ഡി.എഫ് വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. എല്ലാ പഞ്ചായത്തിലും വ്യക്തമായ ലീഡ് നിലനിർത്താനും എല്‍.ഡി.എഫിന് കഴിഞ്ഞു. ആശ്വാസത്തിനു പോലും ഒരു മുന്നേറ്റം നടത്താനാവാതിരുന്നത് യു.ഡി.എഫിന് വലിയ തിരിച്ചടിയായി.
മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയാണ് വിധിനിര്‍ണയം തുടങ്ങിയത്.
വീഴ്ച്ചയുടെ കാരണം പാര്‍ട്ടി പരിശോധിക്കണം: ഡി.വിജയകുമാര്‍
കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ളതന്നെയാണ് ഇത്തവണയും ബി.ജെ.പിയ്ക്ക് വേണ്ടി മത്സരംഗത്തിറങ്ങിയത്. എന്നാല്‍ 2016 ല്‍ 42682 വോട്ട് നേടിയ ശ്രീധരന്‍പിള്ളയ്ക്ക് ഇത്തവണ 35270 വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.
പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയിലും എൽ.ഡി.എഫിനു വൻ ലീഡാണ് ലഭിച്ചത്. 2353 വോട്ടാണ് ഇവിടെ ഭൂരിപക്ഷം. വിജയകുമാറിന്‍റെ പഞ്ചായത്തിലും യു.ഡി.എഫ് പിന്നിലായി. അവസാനനിമിഷത്തിലെ മാണിയുടെ കടന്നുവരവും യു.ഡി.എഫിന് രക്ഷയായില്ല.
ചെങ്ങന്നൂരില്‍ ആകെ 52 തപാല്‍ വോട്ടുകള്‍ മാത്രമാണ് ഇതുവരെ എത്തിയത്. തപാല്‍ സമരം പോസ്റ്റല്‍ വോട്ടുകളെ ബാധിച്ചുവെന്ന് വേണം കരുതാന്‍. ബാക്കിയുള്ള തപാല്‍ വോട്ടുകള്‍ അസാധുവായതായി കണക്കാക്കും.
യു.ഡി.എഫ് വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചുകൊടുത്തു- പി.എസ് ശ്രീധരന്‍പിള്ള
സി.പി.എം. ലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ആകെ 17 പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. വിജയം അഭിമാന പ്രശ്‌നമായതിനാല്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി എല്ലാ കക്ഷികളും സജീവമായി പ്രചരണ രംഗത്തിറങ്ങിയിരുന്നു.
പ്രതികരണങ്ങള്‍
പികെ കുഞ്ഞാലിക്കുട്ടി
ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പരീക്ഷണം വിജയം കണ്ടിരിക്കുന്നു. ബിജെപിക്ക് എതിരെ പ്രതിപക്ഷം ഒരുമിച്ചതോടെ അവരുടെ കോട്ടകളാണ് തകർന്നു വീണത്. 2019 ന് ഒരു വർഷം മുന്നേ രാജ്യം എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരുന്നു.
കേരളത്തിലെ തോൽവി യു ഡി എഫ് ഗൗരവമായി വിലയിരുത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ച് വരവ് നടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."