HOME
DETAILS
MAL
കൊവിഡ് പഠനം മുടക്കില്ല; ആപ്പ് റെഡി
backup
March 27 2020 | 18:03 PM
കൊച്ചി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകാതിരിക്കാനുള്ള ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭമായ ലിന്‍വേയ്‌സ് ടെക്‌നോളജീസ്. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സാമൂഹിക അധ്യയനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഇവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനൊരുങ്ങുന്നത്.
കൊവിഡ്-19ന്റെ ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ നേരത്തെ അടയ്ക്കുകയും പരീക്ഷകള്‍ ഒഴിവാക്കുകയും ചെയ്ത സാഹചര്യമാണ് രാജ്യത്തെങ്ങുമുള്ളത്. വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ സ്‌കൂളുകള്‍ എന്ന് തുറക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ പഠനം നിലയ്ക്കാതിരിക്കാനും പാഠഭാഗങ്ങള്‍ സമയത്ത് പഠിപ്പിച്ചുതീര്‍ക്കാനും സഹായിക്കുന്ന ആപ്പാണ് ലിന്‍വേയ്‌സ് ടെക്‌നോളജീസ് വാഗ്ദാനം ചെയ്യുന്നത്.
നിലവില്‍ രാജ്യത്തെ നൂറോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇത് സ്‌കൂളുകള്‍ക്കുകൂടി ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് കമ്പനി സഹസ്ഥാപകനായ ബാസ്റ്റിന്‍ തോമസ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും ഒരു വകുപ്പ് മേധാവിക്കോ ഈ ആപ്പ് വഴി അധ്യയനം നിയന്ത്രിക്കാവുന്നതാണ്. അധ്യാപകരുടെ വിഡിയോ ഉള്‍പ്പെടെ ഇതിലൂടെ എത്തിച്ചു നല്‍കാനാകും. ഏതൊക്കെ പാഠഭാഗം പഠിപ്പിച്ചു, ഏതൊക്കെ കുട്ടികള്‍ പാഠഭാഗം വായിച്ചു, വിഡിയോ കണ്ടു തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ അറിയാന്‍ സാധിക്കും.
ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ആദ്യ മാസങ്ങളില്‍ ഈ ആപ്പിന്റെ സേവനം സൗജന്യമായി നല്‍കാനാണ് തീരുമാനമെന്ന് ബാസ്റ്റിന്‍ തോമസ് അറിയിച്ചു. സ്ഥിതിപരിഗണിച്ച് കൂടുതല്‍ കാലത്തേക്ക് നീട്ടുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."