മാലിന്യനിര്‍മ്മാര്‍ജനം: സന്നദ്ധ സംഘടനകളെ സാമ്പത്തികമായി സഹായിക്കും - ധനമന്ത്രി
ആലപ്പുഴ: മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതൊക്കെ ചെയ്യുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു.
വേമ്പനാട് ക്ലീന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുന്നമടയില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതാണ് മന്ത്രി. മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌ക്കരിക്കുന്ന പദ്ധതി വിജയിപ്പിക്കാന്‍ കഴിഞ്ഞതുപോലെ ജനങ്ങള്‍ മുന്നിട്ടിറങ്ങി കായല്‍ മലിനീകരണം തടയാനുള്ള പദ്ധതിയിലും പങ്കുചേരണം. ഇതിന് തരംതിരിച്ച മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. നേരത്തെ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പല പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും പലതും പാതിവഴിയിലായി.
എന്നാല്‍ വേമ്പനാടിന്റെ ശുദ്ധീകരണത്തിനായി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയത് ശ്ലാഘനീയമാണ്. ഭാരിച്ച ഉത്തരവാദിത്വമാണ് ഇവര്‍ എടുത്തിട്ടുള്ളത്. ലക്ഷങ്ങള്‍ ചെലവിടുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഭാഗത്തുനിന്നും എങ്ങനെ സഹായം ചെയ്യാമെന്ന് ആലോചിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."