കൊറോണക്കാലത്തെ ചില ശ്ലഥചിന്തകള്‍
കൊവിഡ് ഭീതി സൃഷ്ടിച്ച ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാതെ മൂന്നു നേരം സമൃദ്ധമായും ഇടനേരങ്ങളില്‍ ലഘുവായും സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു നേരം കൊല്ലുന്നതിന്റെ പരമാനന്ദത്തെക്കുറിച്ച് ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു പറയുമ്പോള്‍, വാട്‌സ് ആപ്പില്‍ കണ്ട ഒരു ദയനീയ ദൃശ്യം മനസ്സിലുളവാക്കിയ നീറ്റലുമായി ഇരിക്കുകയായിരുന്നു ഞാന്‍. വഴിയോരത്ത് എപ്പോഴോ ആരോ വലിച്ചെറിഞ്ഞ ഒഴിഞ്ഞ വാട്ടര്‍ബോട്ടിലിന്റെ അടപ്പു തുറന്ന് വായിലേയ്ക്കു കമിഴ്ത്തുന്ന യാചകസദൃശനായ ഒരു മധ്യവയസ്‌കന്റെ വിഡിയോ ചിത്രമായിരുന്നു അത്.
ആ കുപ്പിയില്‍ പറയത്തക്ക വെള്ളമുണ്ടായിരുന്നില്ല. എങ്കിലും ആ കുപ്പിയില്‍നിന്നു വായിലേയ്ക്ക് ഇറ്റുവീണ വെള്ളത്തുള്ളി പോലും ആ മനുഷ്യന്റെ മുഖത്ത് ആശ്വാസത്തിന്റെ പ്രകാശം പരത്തുന്നുണ്ടായിരുന്നു.
അയാള്‍ക്കടുത്തേയ്ക്ക് ആരോ നടന്നടുക്കുന്നതു കണ്ടു.
'നിങ്ങളാരാ' ആഗതന്റെ ചോദ്യം.
'ഞാനൊരു ലോറി ഡ്രൈവറാണ്'. യാചകനെന്നു ഞാന്‍ തെറ്റിദ്ധരിച്ച ആ മനുഷ്യന്റെ മറുപടി.
നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പോകുന്നതിനിടയിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. ഹോട്ടലുകള്‍ അടച്ചതോടെ ഭക്ഷണം കിട്ടാതായി. കുടിവെള്ളം പോലും കിട്ടാനില്ല. അങ്ങനെയാണ് വഴിയോരത്തു കണ്ട ഏതാണ്ടു കാലിയായ വെള്ളക്കുപ്പി കൈക്കലാക്കിയത്.
'ഇന്നൊന്നും കഴിച്ചില്ലേ' ആഗതന്റെ ചോദ്യം.
'രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്'. ലോറി ഡ്രൈവറുടെ മറുപടി.
അടുത്ത ദൃശ്യം മനസ്സില്‍ തട്ടുന്നതായിരുന്നു. തനിക്കു തീര്‍ത്തും അജ്ഞാതനായ ആ മനുഷ്യന്റെ ചുമലില്‍ ആഗതന്‍ കൈവയ്ക്കുന്നു. ആ കരസ്പര്‍ശം അങ്ങേയറ്റം സ്‌നേഹത്തോടു കൂടിയായിരിക്കുമെന്ന് ഉറപ്പ്. എന്നിട്ട്, അദ്ദേഹം പറഞ്ഞു, 'എന്റെ വീടിവിടെ അടുത്താണ്. എന്റെ കൂടെ പോന്നോളൂ. ഞാന്‍ ഭക്ഷണം തരാം'.
ആ വാക്കുകള്‍ രണ്ടു ദിവസമായി പട്ടിണി കിടക്കുന്ന ആ പാവത്തിന്റെ മനസ്സു നിറച്ചിട്ടുണ്ടാകുമെന്ന് ഉറപ്പ്.
പറഞ്ഞറിയിക്കാനാവാത്ത മാനസികാവസ്ഥയിലാണ് ഞാന്‍ ആ വിഡിയോദൃശ്യം കണ്ടത്. 'ഇന്നോളം ഞാന്‍ കണ്ടിട്ടില്ലാത്ത സ്‌നേഹനിധിയായ മഹാനുഭാവാ അങ്ങയുടെ സന്മനസ്സിനു മുന്നില്‍ ശിരസ്സ് നമിക്കുന്നു'.
എത്ര കൊടിയ വൈറസിനും തകര്‍ക്കാനാവാത്ത മാനുഷികത ഈ ഭൂമുഖത്തുണ്ടെന്നു താങ്കളെപ്പോലുള്ളവര്‍ തെളിയിച്ചിരിക്കുന്നു.
..........
മനസ്സിനെ പിടിച്ചുലച്ച മറ്റൊരു വാട്‌സ് ആപ് വിഡിയോ ദൃശ്യം മലയാളികളായ കുറേ ലോറി ഡ്രൈവര്‍മാരുടേതായിരുന്നു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യം പൊടുന്നനെ 'താഴിട്ടു പൂട്ട'പ്പെടുമെന്ന് അറിയാതെ കേരളത്തില്‍നിന്നു കൈതച്ചക്കയും മാങ്ങയും കൊപ്രയും അടയ്ക്കയും റബ്ബറുമെല്ലാം കയറ്റി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കു പോയതായിരുന്നു അവര്‍.
അത് എത്രയോ കാലമായി തുടര്‍ന്നു വരുന്ന രീതിയാണ്. ഗുജറാത്തിലേയ്ക്കും മധ്യപ്രദേശിലേയ്ക്കും മഹാരാഷ്ട്രയിലേയ്ക്കും മറ്റും ചരക്കുമായി പോകുന്ന ലോറിക്കാര്‍ അവിടെ നിന്നു മടങ്ങുക കേരളത്തിലേയ്ക്ക് ലോഡ് കിട്ടിയാല്‍ മാത്രമായിരിക്കും. എന്നാലേ മുതലാകൂ.
ഉത്തരേന്ത്യന്‍ ലോറിഡ്രൈവര്‍മാര്‍ യാത്രയില്‍ പാകംചെയ്യാനുള്ള മുഴുവന്‍ ഭക്ഷ്യസാധനങ്ങളും സ്റ്റോക്ക് ചെയ്യുമെങ്കിലും മലയാളികള്‍ അത്യാവശ്യത്തിനേ സൂക്ഷിക്കൂ. റസ്റ്റോറന്റുകളെ ആശ്രയിച്ചായിരിക്കും അവരുടെ യാത്ര.
'രക്ഷിക്കണേ' എന്ന എസ്.ഒ.എസ് സന്ദേശമയച്ച ലോറിക്കാരുടെ കൈവശവും അത്യാവശ്യ ഭക്ഷ്യസാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതറിഞ്ഞ് എത്രയും പെട്ടെന്നു നാടെത്താന്‍ അവര്‍ ധൃതിയില്‍ തയാറായി.
കാലിലോറിയുമായി തിരിച്ചുപോരുന്നതിലെ ഡീസല്‍ നഷ്ടമാലോചിച്ച് പകുതിയിലേറെ ലോറികളും രണ്ടും കല്‍പ്പിച്ച് അവിടെ റോഡരുകില്‍ത്തന്നെ നിര്‍ത്തിയിട്ടു.
പത്തു ലോറികളിലായി പത്തുമുപ്പതു പേര്‍ നാട്ടിലേയ്ക്കു കുതിച്ചു. വഴിയോരത്ത് ഹോട്ടലുകളില്ലാത്തതൊന്നും അവരെ അലട്ടിയില്ല. ഒന്നുരണ്ടുദിവസം പട്ടിണിയായാലും എങ്ങനെയെങ്കിലും നാട്ടിലെത്താമല്ലോ എന്നായിരുന്നു ചിന്ത.
പക്ഷേ, അതിനു മഹാരാഷ്ട്ര പൊലിസ് സമ്മതിച്ചില്ല. പൊരിവെയിലത്ത് അഞ്ചെട്ടു മണിക്കൂറോളം അവര്‍ക്കു പെരുവഴിയില്‍ കിടക്കേണ്ടി വന്നു. ഒടുവില്‍ ആരുടെയോ കാരുണ്യത്താല്‍ അവിടെ നിന്നു രക്ഷപ്പെട്ടു.
ഏറെദൂരം പോകുംമുമ്പേ ഭീവണ്ടിയില്‍ വച്ചു വീണ്ടും പൊലിസ് തടഞ്ഞു. നിയമം തെറ്റിച്ചതിനു ഭീകരമായ തെറിവിളിയായി. ഒരു പൊലിസുകാരന്‍ കലിപ്പു തീര്‍ത്തത് ചില ലോറികളുടെ ചില്ല് അടിച്ചു തകര്‍ത്താണ്. മുന്നോട്ടു പോകാന്‍ സമ്മതിക്കില്ല, റോഡരുകില്‍ നിര്‍ത്താന്‍ സമ്മതിക്കില്ല, തങ്ങള്‍ തിന്നും കുടിച്ചുമിരിക്കുമ്പോള്‍ ഇത്തിരി വെള്ളമെങ്കിലും വേണോയെന്നു ചോദിക്കില്ല. നാട്ടുകാരും പേപ്പട്ടികളോടെന്ന പോലെയാണു പെരുമാറിയത്. ലോറികള്‍ നിറയെ കൊറോണ വൈറസുമായെത്തിയ നികൃഷ്ടജീവികളെന്ന മട്ടില്‍ അവരെ ആട്ടിയോടിക്കുകയാണ്.
ഒടുവില്‍ ആളൊഴിഞ്ഞ പ്രദേശത്തെ ഒരു ക്വാറിക്കകത്ത് അഭയം തേടിയാണ് അവര്‍ 'ഞങ്ങളുടെ ജീവന്‍ രക്ഷിക്കണേ'യെന്ന എസ്.എം.എസ് സന്ദേശം അയച്ചിരിക്കുന്നത്.
ഇതുപോലെ എത്രയെത്ര പേര്‍ ഭക്ഷണമില്ലതെ, കുടിവെള്ളമില്ലാതെ, സ്വസ്ഥമായൊന്നു തലചായ്ക്കാന്‍ പോലും ഇടമില്ലാതെ നമ്മുടെ രാജ്യത്തെ ഓരോ തെരുവിലും ഈ സന്ദര്‍ഭത്തില്‍ നരകിക്കുന്നുണ്ടാകും. കൊറോണക്കാലത്തെ അവധിയുടെ ആലസ്യത്തില്‍ സ്വഗൃഹത്തില്‍ ഉണ്ടുറങ്ങി നേരംകൊല്ലുമ്പോള്‍ ആ ഗതികെട്ട മനുഷ്യരെ ഒരു നിമിഷം ഓര്‍ക്കുക, അവര്‍ക്കായി നല്ലതെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."