ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 77 പേര്‍ക്കും രോഗമില്ല
സ്വന്തം ലേഖകന്‍
തൊടുപുഴ: ഇടുക്കിയില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ താമസിച്ച കെ.ടി.ഡി.സിയുടെ മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിന്ന് വരുന്നത് ആശ്വാസകരമായ വാര്‍ത്തകള്‍. ഒരു വിദേശിയും രണ്ട് ഒഡീഷക്കാരുമടക്കം 77 പേരാണ് ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരുടെ സ്രവ പരിശോധന ഫലം നെഗറ്റീവായത് വലിയ ആശ്വാസമായി. എല്ലാവരുടെയും പരിശോധന ഫലം ലഭിച്ചതായി ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.
എന്നാല്‍ ലോക്ഡൗണ്‍ തീരുന്നത് വരെ ഇവരോട് ഇവിടെ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എറണാകുളത്ത് ചികിത്സയിലുള്ള ബ്രീട്ടീഷ് പൗരന്റെ അസുഖം പൂര്‍ണമായും ഭേദമായി. ഇയാള്‍ക്കൊപ്പമുള്ള അഞ്ച് പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ബ്രട്ടീഷ് പൗരനും സംഘവും വിലക്ക് ലംഘിച്ച് മൂന്നാറില്‍ നിന്നും ഒളിച്ചുകടന്ന് നെടുമ്പാശേരി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. സംഘത്തെ വിമാനത്തില്‍ നിന്നും പിടിച്ചിറക്കുകയായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് നേതാവായ പൊതുപ്രവര്‍ത്തകന്റെ സഞ്ചാരം ജില്ലാ ഭരണകൂടത്തെ പിടിച്ചുലയ്ക്കുകയാണ്. രണ്ട് ദിവസംകൊണ്ട് മാത്രം ഇദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള 676 പേരെയാണ് പുതിയതായി നിരീക്ഷണത്തിലാക്കിയത്. ഇന്നലെ മാത്രം 416 പേരും. ഇതില്‍ മൂന്ന് പേര്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ ഐസൊലേഷനിലുമുണ്ട്. ജില്ലയ്ക്ക് വെളിയില്‍ നിയമസഭയിലും സെക്രട്ടേറിയറ്റിലും വരെ ഇദ്ദേഹത്തിന്റെ സഞ്ചാരമെത്തി. ഇതിനൊപ്പം പൊതുചടങ്ങുകളില്‍ പങ്കെടുത്ത ആദിവാസി കോളനികളും ആശങ്കയിലാണ്. വരും ദിവസങ്ങളില്‍ മാത്രമാകും രോഗം കൂടുതല്‍ പേരിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."