പാതയോരത്തെ മദ്യശാല: 500 മീറ്റര്‍ പരിധിക്കുള്ളില്‍ വില്‍പന പാടില്ല
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതു സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തി സുപ്രിംകോടതി. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന് ആവര്‍ത്തിച്ച കോടതി മുന്‍ ഉത്തരവിലൂടെ ഉദ്ദേശിച്ചത് മദ്യനിരോധനമല്ലെന്ന് വ്യക്തമാക്കി. റോഡപകടങ്ങള്‍ ഒഴിവാക്കാനാണ് പാതയോരത്തെ മദ്യവില്‍പന കേന്ദ്രങ്ങള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നില്ല. പാതയോരത്തെ മദ്യവില്‍പന നിരോധിച്ച വിധിയെ ചോദ്യം ചെയ്ത ഹരജിയുമായി വന്നവരിലധികവും സ്വകാര്യ വ്യക്തികളാണ്. സംസ്ഥാനങ്ങളുടെ വരുമാനത്തെ കോടതിവിധി ബാധിക്കുമായിരുന്നുവെങ്കില്‍ സര്‍ക്കാരുകളായിരുന്നു ഹരജികളുമായി വരേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവമുള്ളതായതിനാല്‍ കൂടുതല്‍ വാദംകേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസില്‍ ഇന്ന് വാദം കേള്‍ക്കും. പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളം, പഞ്ചാബ്, തമിഴ്‌നാട്, അസം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യശാല ഉടമകള്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പാതയോരത്തെ മദ്യവില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള ഉത്തരവ് ഏപ്രില്‍ ഒന്നിനുമുന്‍പ് നടപ്പാക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ വിധി. നിര്‍ദേശിച്ച കാലാവധി അവസാനിക്കാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇന്നലെ ഹരജി പരിഗണിച്ചത്. സംസ്ഥാന പാത ഏതെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ഈ അധികാരം അവര്‍ക്ക് വിനിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇക്കാര്യത്തില്‍ പൊതുതീരുമാനം ആവശ്യമാണ്. ആരുടെയും വരുമാനം ഇല്ലാതാക്കാനാകില്ലെന്നും എന്നാല്‍ മദ്യപിച്ചുള്ള വാഹനമോടിക്കുന്നതുവഴി അപകടങ്ങളുണ്ടാവുകയും മരണ സംഖ്യ കൂടുകയും ചെയ്യുകയാണ്. മരിക്കുന്നവരുടെ കുടുംബത്തെ കുറിച്ച് എല്ലാവരും ഓര്‍ക്കണമെന്ന് പറഞ്ഞ കോടതി മദ്യം വിറ്റുള്ള വരുമാനം മാത്രം നോക്കാതെ മനുഷ്യ ജീവനെകൂടി പരിഗണിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
മദ്യശാല ഉടമകള്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി, 500 മീറ്റര്‍ എന്ന പരിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. കേരളത്തില്‍ ദേശീയ പാതയോരത്ത് 170 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഉള്ളതെന്നും വിധി വന്നതിന് ശേഷം അവ മാറ്റിസ്ഥാപിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പാക്കാനായില്ലെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.
അതിനാല്‍ നിലവിലുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ തുടരാന്‍ വിധിയില്‍ ഭേദഗതി വരുത്തണമെന്നാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടത്. വിവിധ ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്‍, അഭിഷേക് മനു സിങ്‌വി എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."