ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്; ഹോളണ്ടിനെ കീഴടക്കി ഇറ്റലി, പോര്‍ച്ചുഗലിനെ സ്വീഡന് അട്ടിമറിച്ചു
പാരിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ഇറ്റലി, സ്പെയിന്, സ്വീഡന്, ഐസ്ലന്ഡ് ടീമുകള്‍ക്ക് വിജയം. ഇറ്റലി 2-1നു ഹോളണ്ടിനേയും സ്പെയിന് 2-0ത്തിനു ഫ്രാന്‍സിനേയും പരാജയപ്പെടുത്തി.
യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗലിനെ 2-3നു അട്ടിമറിച്ചാണു സ്വീഡന്റെ വിജയം. ഐസ്ലന്ഡ് 1-0ത്തിനു അയര്‍ലന്‍ഡിനെ കീഴടക്കി. ഓസ്ട്രിയ- ഫിന്‍ലന്‍ഡ് മത്സരം 1-1നു സമനില.
ഇറ്റലി- ഹോളണ്ട് പോരാട്ടത്തില്‍ കളിയുടെ പത്താം മിനുട്ടില്‍ റോമഗ്നോളിയുടെ സെല്‍ഫ് ഗോള്‍ ഹോളണ്ടിനു ലീഡ് സമ്മാനിച്ചെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ വല ചലിപ്പിച്ച് എഡല്‍ ഇറ്റലിയെ ഒപ്പമെത്തിച്ചു. 32ാം മിനുട്ടില്‍ ബൊനൂസിയിലൂടെ ഇറ്റലി ലീഡും വിജയവും സ്വന്തമാക്കി.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ നേടിയ രണ്ടു ഗോളുകളുടെ പിന്‍ബലത്തിലാണു സ്പെയിന് ഫ്രാന്‍സിനെ അവരുടെ തട്ടകത്തില്‍ കീഴടക്കിയത്. രണ്ടാം പകുതിയുടെ 68ാം മിനുട്ടില്‍ ഡേവിഡ് സില്‍വയും 77ാം മിനുട്ടില്‍ ജെറാര്‍ഡ് ഡെലോഫോയും ഗോളുകള്‍ നേടി.
18ാം മിനുട്ടില്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലെത്തുകയും 34ാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ ലീഡ് സ്വന്തമാക്കുകയും ചെയ്ത പോര്‍ച്ചുഗല്‍ സ്വന്തം തട്ടകത്തില്‍ സ്വീഡനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങി.
രണ്ടാം പകുതിയില്‍ സ്വീഡിഷ് താരം ക്ലാസ്സന് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മത്സരം 2-2നു ഒപ്പത്തിനൊപ്പം. മത്സരം സമനിലയില്‍ തീരുമെന്നു തോന്നിപ്പച്ചെങ്കിലും 90ാം മിനുട്ടില്‍ ജാവോ കാന്‍സെലോ വഴങ്ങിയ സെല്‍ഫ് ഗോള്‍ സ്വീഡനു വിജയമൊരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."