ഭക്ഷണമില്ല, കുടിക്കാന്‍ വെള്ളം മാത്രം
ആലത്തൂര്‍ (പാലക്കാട്): 11 മലയാളികളുള്‍പ്പടെ 17 പേര്‍ രണ്ടു ദിവസമായി ഭക്ഷണം ഇല്ലാതെയും ഭക്ഷണം വാങ്ങാന്‍ പണം ഇല്ലാതെയും വെള്ളം മാത്രം കുടിച്ച് മഹാരാഷ്ട്രയില്‍ കഴിയുന്നു. പാലക്കാട് ജില്ലക്കാരായ പത്ത് പേരും കാസര്‍കോട്ടെ ഒരാളും തമിഴ്‌നാട് വിരുദനഗറിലെ നാലുപേരും പോണ്ടിച്ചേരിയിലെ രണ്ട് പേരും ഉള്‍പ്പെട്ട സംഘമാണ് മഹാരാഷ്ട്രയില്‍ ഭക്ഷണം ലഭിക്കാതെ മുറികളില്‍ കുടുങ്ങിക്കിടക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ വാഴപ്പുഴ യാഖൂബ് മകന്‍ നിഷാദ് (19), താടനാറ കൃഷ്ണന്‍കുട്ടി മകന്‍ കിഷോര്‍ (22), നെന്മേനി നാരായണന്‍ മകന്‍ ദിന (19), നെന്മേനി വാസു വിശ്വജിത് (19), താടനാറ സുന്ദരന്‍ സുനില്‍ (20), വട്ടേക്കാട് ആറു മകന്‍ സുധീഷ് (20), ഇടച്ചിറ ഇടുമ്പസ്വാമി മകന്‍ മണികണ്ഠന്‍ (25), ത്രാമണി സേതു മകന്‍ സുബിന്‍ (20), പാതനാറ ശ്യാമള കാര്‍ത്തിക് (22), ഇടച്ചിറ വിജയന്‍ മകന്‍ വിനു (22) കാസര്‍കോട് സ്വദേശി കിരണ്‍രാജ് (22) എന്നിവരാണ് കുടുങ്ങിക്കിടക്കുന്ന മലയാളികള്‍.
മഹാരാഷ്ട്രയിലെ മിറാജ് സംചാനഗറിലാണ് ഇവര്‍ കഴിയുന്നത്. രണ്ടു ദിവസം മുന്‍പ് വാങ്ങിയ ബിസ്‌കറ്റും വെള്ളവുമാണ് ഇതുവരെയുള്ള ഭക്ഷണം. ബിസ്‌കറ്റ് കഴിഞ്ഞതോടെ വെറും വെള്ളം മാത്രമായി. മുറികളില്‍ നിന്ന് പുറത്തിറങ്ങാന്‍ അവകാശമില്ല. ഭാഷ വശമില്ലാത്തതിനാല്‍ കടകളില്‍ നിന്ന് സാധനങ്ങളും വാങ്ങാന്‍ സാധിക്കുന്നില്ല. പലരുടെയും കൈകളില്‍ പണവുമില്ല. വീട്ടുകാര്‍ക്ക് പണം നല്‍കി സഹായിക്കാനും കഴിയാത്ത സ്ഥിതിയിലാണ്.
തമിഴ്‌നാട് സ്വദേശിക്ക് വീട്ടുകാര്‍ നല്‍കിയ പണം എ.ടി.എമ്മില്‍ നിന്ന് എടുക്കാനായി പോയെങ്കിലും പൊലിസ് അതിന് സമ്മതിക്കാതെ മുറികളില്‍ പോയി ഇരിക്കാനായിരുന്നു ആവശ്യപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. ഡയരക്ട് മാര്‍ക്കറ്റിങ് കംപനിയിലെ പ്രൊഡക്ട് സെയില്‍സിനാണ് യുവാക്കള്‍ അവിടെ എത്തിയത്. മിഥുന്‍ രണ്ട് മാസം മുന്‍പും മനീഷ് നാല് മാസം മുന്‍പുമാണ് പോയതെന്ന് പറയുന്നു.
ഡല്‍ഹി ആസ്ഥാനമായ കംപനിയുടെ വിജയ്‌നഗറിലെ ശാഖയിലാണു ഇവര്‍ ജോലി ചെയ്തിരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ഇവര്‍ക്ക് 32ല്‍ പരം ശാഖകളുണ്ട്. 500ലേറെ പേര്‍ ഈ ശാഖകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ചിലര്‍ നാടുകളിലേക്ക് പോയെങ്കിലും ഭൂരിപക്ഷം പേരും മഹാരാഷ്ട്രയില്‍ വിവിധ മുറികളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇ
വിടെ വേറെയും മലയാളികളുണ്ടെന്ന് സംശയമുണ്ട്. കംപനി അധികൃതരെ ഇവര്‍ക്ക് നേരിട്ട് പരിചയമില്ല. ശാഖയുടെ മേല്‍നോട്ടം വഹിക്കുന്നവരാകട്ടെ ഇവിടേക്കു വരുന്നതുമില്ല. കോവിഡ്- 19 വ്യാപിച്ചതോടെ ഇവരോട് പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എത്ര ദിവസം വെള്ളം മാത്രം കുടിച്ച് കഴിയുമെന്ന ആശങ്കയിലാണ് ഇവര്‍. ഇവിടത്തെ ദുരിതം വിവരിച്ച് ഇവര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തതോടെയാണ് വിവരം വീട്ടുകാരും അറിയുന്നത്. പാലക്കാട് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഭക്ഷണം ലഭ്യമാക്കുവാന്‍ പോലും നടപടി ഉണ്ടായിട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."