മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച കടകള്‍ അടച്ചുപൂട്ടി
നടുവണ്ണൂര്‍: നടുവണ്ണൂര്‍ അങ്ങാടിയിലെ റോഡ് സൈഡില്‍ മാലിന്യം നിക്ഷേപിച്ച കടകള്‍ അധികൃതര്‍ അടച്ചുപൂട്ടി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ അങ്ങാടിയും പരിസരവും പൊതുജനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, യുവജന സംഘടനകള്‍, ടാക്‌സി തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെ ശുചീകരിച്ചിരുന്നു. ശുചീകരണത്തിന്റെ ഭാഗമായി ലഭിച്ച മാലിന്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് പഞ്ചായത്തിന് സംസ്‌കരിക്കാന്‍ കഴിഞ്ഞത്. ശുചീകരണ പ്രവര്‍ത്തനം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് സംസ്ഥാന പാതയുടെ വശത്ത് പഴകിയ പാല്‍, ഐസ് എന്നിവ നിക്ഷേപിച്ചത്. ഇന്ന് രാവിലെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി ഷിജു എല്‍.എന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, വിനോദന്‍, സിറാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തുകയും മാലിന്യം നിക്ഷേപിച്ചത് കണ്ടതിനാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയുമാണ് ചെയ്തത്.
ന്യൂസന എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ആവശ്യത്തിന് മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടതിനാലും പഴകിയ പേക്കറ്റ് പാലും, ഐസ്‌ക്രീമും കണ്ടെത്തിയതിനാലും അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കി. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് 2000 രൂപ വീതം ഫൈന്‍ ചുമത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ പള്ളിയത്ത് കുനി അങ്ങാടിയിലും ഇന്ന് പരിശോധന നടന്നു. നിപാ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തുടര്‍ പരിശോധനയുണ്ടാവുമെന്നും മാലിന്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദുചെയ്ത് സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള കര്‍ശന നടപടികളും ഉണ്ടാവുമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."