HOME
DETAILS
MAL
ദൈവത്തിന്റെ പോരാളികള്‍
backup
March 28 2020 | 19:03 PM
പൂര്‍ണമായ മെഡിക്കല്‍ ഗിയറിലുള്ള ഒരു സ്ത്രീ കറുത്ത ശവസംസ്‌കാര വാനിനെ പിന്തുടര്‍ന്ന് അലമുറയിട്ട് കരയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത് അടുത്ത ദിവസമായിരുന്നു. വുഹാനിലെ വുചാങ് ആശുപത്രി ഡയറക്ടറും ആശുപത്രിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ന്യൂറോ സര്‍ജന്‍ ലിയു ആയിരുന്നു ആ വാനിനുള്ളിലുണ്ടായിരുന്ന മൃതദേഹം. ശരീരമാസകലം മൂടിയ മെഡിക്കല്‍ കിറ്റിനുള്ളില്‍ നുറുങ്ങിയമര്‍ന്ന ഹൃദയവുമായി ആ വാനിനെ പിന്തുടര്‍ന്ന് അലമുറയിട്ടുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ കായ് ലിപ്പിങ്ങും. ജനുവരി അവസാനത്തോടെയാണ് ലിയുവിന് രോഗം ബാധിച്ചത്. രാജ്യത്തെ ആയിരക്കണക്കിന് രോഗികളോടൊപ്പം ആശുപത്രി ഡയറക്ടറും ഐസൊലേഷനിലായി. ലിയുവിനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന് കായ് ലിപ്പിങ് അപേക്ഷിച്ചെങ്കിലും അവള്‍ക്ക് രോഗം പകരുമെന്ന ഭയത്താല്‍ ലിയു അത് നിരസിച്ചു. തീവ്രപരിചരണ വിഭാഗത്തിന് മുന്നിലെ ചില്ലുവാതിലിനപ്പുറം നിന്ന് കായ് ലിയുവിന് മെസേജയച്ചു. 'നിങ്ങള്‍ക്ക് എന്റെ മെസേജ് കാണാനാകുന്നുണ്ടോ? ഞാന്‍ നിങ്ങളെ പരിചരിക്കാന്‍ കയറി വന്നോട്ടെ? ഞാന്‍ നിങ്ങളെ പരിചരിക്കാന്‍ വരുന്നതില്‍ നിങ്ങള്‍ ഭയക്കുന്നുണ്ടോ?' 'ഇല്ല, പക്ഷേ വരേണ്ട' ലിയു ഉത്തരം നല്‍കി. ഫെബ്രുവരി എട്ടിന് ലിയു ഈ ലോകത്തോട് വിടപറഞ്ഞു. തകര്‍ന്ന ഹൃദയത്തോടെ പ്രാണപ്രിയന് അവസാന ചുംബനം പോലും കൊടുക്കാനാവാതെ ശവസംസ്‌കാര വാനിന് പിന്നാലെ അലമുറയിട്ട് കരഞ്ഞുകൊണ്ട് ഓടാന്‍ മാത്രമാണ് കായ് ലിപ്പിങ്ങിനായത്.
ലിയുവിന്റെ സഹോദരന്‍, ചലച്ചിത്ര സംവിധായകനായ ചാങ് കായ് ലണ്ടനിലെ തന്റെ മകനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തില്‍ തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് കണ്ണീര് ചാലിച്ച് ഇങ്ങനെ എഴുതി. 'ഞങ്ങളെ ആശുപത്രിയിലേക്കെത്തിക്കാന്‍ ഞാന്‍ യാചിക്കുകയും കരയുകയും ചെയ്യുകയാണ്, പക്ഷേ ഞാന്‍ വളരെ താഴ്ന്നവനും നിസ്സാരനുമാണ്. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ വിശ്വസ്തനായ ഒരു മകന്‍, ഉത്തരവാദിത്തമുള്ള പിതാവ്, സ്‌നേഹനിധിയായ ഭര്‍ത്താവ്, സത്യസന്ധനായ വ്യക്തി എന്ന നിലകളിലാണ് ജീവിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഇനി എന്റെ വിടവാങ്ങല്‍! ഞാന്‍ സ്‌നേഹിക്കുന്നവരോടും എന്നെ സ്‌നേഹിക്കുന്നവരോടും.'
ഫെബ്രുവരി 14ന് ചാങ് മരിച്ചു. അയല്‍ക്കാരെ ക്വാറന്റൈന്‍ ചെയ്തതിന് ശേഷമാണ് ഇവരുടെ വീട്ടിലെ നാല് അംഗങ്ങള്‍ക്കും വൈറസ് ബാധിച്ചത്. വുഹാനില്‍ ആശുപത്രികളുടെയും കിടക്കകളുടെയും കുറവ് കാരണം മതിയായ പരിചരണം ലഭിക്കാതെയാണ് ലിയുവിന്റെയും ചാങിന്റെയും പിതാവ് ഫെബ്രുവരി മൂന്നിന് വീട്ടില്‍ വച്ച് മരിക്കുന്നത്. അഞ്ചു ദിവസത്തിന് ശേഷം അമ്മയും മരിച്ചു.
പേടിയില്ലേ ഡോക്ടറേ...
ഡോ. ഷിംന അസീസ് കുറിക്കുന്നു
ഊണും ഉറക്കവുമില്ലാതെ, രോഗബാധിതര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗം നേരിട്ട് കാണാത്തതിനാല്‍ നമ്മള്‍ മനസിലാക്കിക്കോളണമെന്നില്ല. എന്നാല്‍ കരളുരുക്കുന്ന കുറിപ്പുമായി കൊറോണക്കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം വരച്ചുകാട്ടുകയാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ ലക്ചറര്‍ ഡോ. ഷിംന അസീസ്. ഷിംനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്ക്,
നേരത്തിന് കഴിക്കാതെയും ഉറങ്ങാതെയും ശരീരം കുഴയുന്നു. നാവിലെ തൊലിയില്‍ പുണ്ണുകള്‍ പൊന്തി തുടങ്ങിയിരിക്കുന്നു. സ്‌ട്രെസ് ആകുമോ കാരണം, അതോ വെള്ളം കുടിക്കാഞ്ഞിട്ട്, ഉറക്കം പോയിട്ട്? അതുമല്ലെങ്കില്‍ വൈറ്റമിന്‍ കുറവ്? നാട്ടില്‍ പടരുന്ന രോഗം സംബന്ധിച്ച വല്ലാത്ത ആശങ്കയും... ആകെ മൊത്തം അടിപൊളി ടൈം.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കൊതിയായിട്ട് ഉമ്മയെ വിളിച്ച് പറഞ്ഞപ്പോള്‍ ഇന്നലെ ഉമ്മച്ചി നെയ്‌ച്ചോറും കറിയും കൊടുത്ത് വിട്ടു. കൊവിഡ് സ്‌ക്രീനിങ് ഒ.പിയില്‍ കൂടി ഡ്യൂട്ടി ഉള്ളതുകൊണ്ട് മക്കളെ വീട്ടില്‍ പറഞ്ഞുവിട്ടിട്ട് ഒരാഴ്ചയില്‍ ഏറെയായി. അവര്‍ എന്നെ തൊടാതെ അവധിക്കാലം ആസ്വദിക്കട്ടെ, സന്തോഷമായിരിക്കട്ടെ. കുഞ്ഞുങ്ങളുടെ ഇടയിലുള്ള ഉറക്കം വല്ലാതെ മിസ് ചെയ്യുന്നു... രാക്കഥകളും കുഞ്ഞിച്ചിരികളും...
ഇന്നലെ രാത്രിയിലെ ചാനല്‍ ചര്‍ച്ച കഴിഞ്ഞ് കഴിച്ച് വേഗം കിടക്കാന്ന് വച്ചപ്പോള്‍ പോസിറ്റീവ് കേസുള്ള രോഗിയുടെ ഒരു കോണ്ടാക്ടിന് ചുമ, തൊണ്ടവേദന എന്ന് പറഞ്ഞ് കോള്‍ വന്നു. അതിന് പിറകെ ഫോണ്‍ ചെയ്ത് കുത്തിയിരുന്നതു വഴി പോയത് മണിക്കൂറുകള്‍. എപ്പോഴോ കുളിച്ച് കഴിച്ചുറങ്ങി. നേരത്തേ ഉണരണം, ഏഴരക്ക് ആശുപത്രിയില്‍ എത്തണം...
മാസ്‌കും ഗൗണും രണ്ട് ഗ്ലൗസും ഷൂ കവറും തലയില്‍ ഹൂഡും എല്ലാമണിഞ്ഞ് ഒരു തരി തൊലി പുറത്ത് കാണിക്കാത്ത രൂപത്തില്‍ കൊവിഡ് ഒ.പിയിലേക്ക്. പുറത്ത് അപ്പഴേക്കും രോഗികളുണ്ട്. കാത്തിരിക്കുന്നവരുടെ കണ്ണുകള്‍ എന്നെയും ഹൗസ് സര്‍ജനെയും നോക്കുന്നത് വല്ലാത്തൊരു ഭീതിയോടെയാണ്, എന്തോ ഭീകരജീവിയെ കാണുന്നത് പോലെ. ആകെയൊരു മൂകതയുടെ മണം. ശരീരമാകെ പൊതിഞ്ഞതിന്റെ ചൂടും അസ്വസ്ഥതയും വേറെ. 'പോസിറ്റീവ് കേസുള്ള ആശുപത്രിയല്ലേ, പേടിയില്ലേ ഡോക്ടറേ...?' എന്ന് ചോദിച്ചവരോടും പറഞ്ഞത് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തിയ ആ ഉത്തരമാണ് 'ജോലിയല്ലേ ചേട്ടാ... ഞങ്ങള്‍ ഞങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്'. ആകെ മൂടുന്ന പി.പി.ഇക്കകത്ത് നെടുവീര്‍പ്പയച്ചത് മുന്നിലുള്ള പ്രവാസി കേട്ടില്ല. കേള്‍പ്പിക്കില്ല. അവരുടെ ധൈര്യം നശിച്ചൂടാ...
മുബൈ, പഞ്ചാബ്, ബഹ്‌റൈന്‍, ദുബൈ, ഇന്തൊനേഷ്യ തുടങ്ങി എവിടുന്നൊക്കെയോ ഉള്ളവര്‍. പ്രായമായവര്‍ പോലും ഫ്‌ലൈറ്റ് നമ്പറും സീറ്റ് നമ്പറുമെല്ലാം വ്യക്തമായി പറയുന്നുണ്ട്. ആവശ്യം വന്നാല്‍ ഇതെല്ലാം കോണ്ടാക്ട് ട്രേസിങ്ങിനുള്ള ഏറ്റവും സഹായകമായ കാര്യങ്ങളാണ്. ആളുകള്‍ വിവരങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. നല്ല കാര്യം.
ലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശീലനം ലഭിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് കടത്തിവിടുന്നത്. വിശദമായ ഹിസ്റ്ററി എടുപ്പും പരിശോധനയും കഴിഞ്ഞാണ് അവരെ വീട്ടില്‍ വിടണോ അഡ്മിറ്റ് ചെയ്യണോ എന്ന കാര്യം പരിഗണിക്കുന്നത്. ഓരോ രോഗിയോടും 1015 മിനിറ്റെടുത്ത് സംസാരിക്കുന്നു. ഈ വസ്ത്രം ധരിച്ചാല്‍ വെള്ളം കുടിക്കാനോ കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും ഷിഫ്റ്റ് കഴിയണം. ഇതൊന്നും പുതിയ കാര്യങ്ങളല്ല കേട്ടോ. എല്ലായിടത്തും എല്ലാ കാലത്തും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എടുക്കുന്ന സാധാരണ മുന്‍കരുതലുകളാണിവയെല്ലാം.
ഒ.പി കഴിഞ്ഞാല്‍ കോണ്ടാക്ട് ട്രേസ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ലാപ്‌ടോപ്പില്‍ ഫീഡ് ചെയ്യണം, ഓരോരുത്തരെയും വിളിക്കുമ്പോള്‍ അവര്‍ പറയുന്ന നൂറ് ആശങ്കകള്‍ക്ക് മറുപടി പറയണം, #യൃലമസവേലരവമശി ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പ്, ഫെയ്‌സ്ബുക്ക്, മീഡിയ...
കൊവിഡ് ഒ.പിയില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ ഞങ്ങള്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളെ നേരിട്ട് ചികിത്സിക്കുന്നവരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. സഹിക്കവയ്യാത്ത പ്രഷറിലാണവര്‍. ഇനിയെത്ര നാള്‍ കൂടി ഞങ്ങള്‍ ഈ രീതിയിലോ ഇതിനപ്പുറമോ തുടരേണ്ടി വരുമെന്നറിയില്ല...
തളര്‍ന്ന് തുടങ്ങിയിരിക്കുന്നു...
ഇതിനെല്ലാമിടയിലും എങ്ങു നിന്നൊക്കെയോ തെളിയുന്നു, ആയിരവും ആയിരത്തഞ്ഞൂറും പേരെ തൊട്ടും മുട്ടിയും നടന്ന കൊവിഡ് കേസുകള്‍... സമ്പര്‍ക്കവിലക്ക് മറികടന്ന് നാട്ടിലിറങ്ങുന്നവര്‍...
ഒ.പിയില്‍ വന്നിരുന്ന് രോഗഭീതി കൊണ്ട് കരയുന്നവര്‍...
ഫോണില്‍ നിറയുന്ന പരാതികള്‍... പരിഭവങ്ങള്‍...
ഉള്ളില്‍ നിറയുന്ന ആധി, ഒറ്റപ്പെടല്‍.
സ്വാര്‍ഥതയോ നിസംഗതയോ വേറെ എന്ത് തന്നെയുമാവട്ടെ... ആരുടെയൊക്കെയോ അലംഭാവം തകര്‍ക്കുന്നത് ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടേത് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനശേഷി കൂടിയാണ്. സമൂഹത്തിന്റെ മൊത്തം ആരോഗ്യത്തെയാണ്...
ലൊട്ടുലൊടുക്കു വിദ്യകള്‍ കൊണ്ടോ, ഗിമ്മിക്കുകള്‍ കൊണ്ടോ കൊവിഡിനെ നേരിടാനാവില്ല. തുടക്കത്തില്‍ അമിതമായി ആത്മവിശ്വാസം കാണിച്ച രാജ്യങ്ങളെല്ലാം ഇപ്പോള്‍ ചക്രശ്വാസം വലിക്കുന്ന കാഴ്ച നമ്മള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നു.
നമ്മളോരോരുത്തരും യോദ്ധാക്കളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി, ആ മുന്നേറ്റം ദിവസങ്ങളോളം, ആഴ്ചകളോളം നിലനിര്‍ത്താതെ ഈ മഹാമാരിയെ സമൂഹത്തില്‍ നിന്നു തൂത്തുകളയാനാവില്ല.
ചങ്ങലകള്‍ ഭേദിച്ചേ തീരൂ...
ഇതൊരു അടയാളപ്പെടുത്തല്‍
ഇറ്റലിയിലെ 47,000ലധികം കൊറോണ രോഗികള്‍ക്കിടയില്‍ നിന്ന്, നാലായിരത്തോളം മരണവാര്‍ത്തകള്‍ക്കിടയില്‍ നിന്നാണ് ഡോ. നിക്കോള സ്ഗര്‍ബിയുടെ ഐ.സി.യുവില്‍ നിന്നുള്ള ഫോട്ടോ ലോകശ്രദ്ധയാകര്‍ഷിച്ചത്. പന്ത്രണ്ട് മണിക്കൂറിലധികം രോഗികളെ ചികിത്സിക്കുന്നതിനിടെ ഫെയ്‌സ് മാസ്‌ക് അഴിക്കാനോ വിശ്രമിക്കാനോ സമയം ലഭിക്കാതെ മുഖത്തെ മാസ്‌ക് തീര്‍ത്ത അടയാളം ഫോട്ടോയിലേക്ക് അടയാളപ്പെടുത്തുമ്പോള്‍ ഡോ. സ്ഗര്‍ബി പറഞ്ഞത് ഇങ്ങനെയാണ്. രണ്ട് കാര്യങ്ങള്‍ക്കാണ് ഞാന്‍ ഈ സെല്‍ഫി ക്ലിക്ക് ചെയ്യുന്നത്. ഒന്ന്, എന്റെ ഭാര്യയെ എന്റെ ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞെന്നും ഞാന്‍ വീട്ടിലേക്കുള്ള യാത്രയിലാണെന്നും അറിയിക്കാന്‍. രണ്ട്, എന്റെ ഒരു വയസുകാരി മകളെ അവളുടെ അച്ഛന്‍ ഈ മഹാമാരിയെ നേരിടാന്‍ എങ്ങനെ അടയാളമായെന്ന് കാണിക്കാന്‍.
യു.കെയിലിറങ്ങി, വിരമിച്ച
4500 ആരോഗ്യ പ്രവര്‍ത്തകര്‍
ഓരോ ദിവസം നൂറുകണക്കിന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊവിഡിനെ നേരിടാന്‍ സ്വയം സന്നദ്ധമായി യു.കെയില്‍ മുന്നോട്ട് വന്നത് വിരമിച്ച 4500 ആരോഗ്യപ്രവര്‍ത്തകരാണ്. നാലായിരം നഴ്‌സുമാരും അഞ്ഞൂറ് ഡോക്ടര്‍മാരും ലണ്ടനിലെ നാഷനല്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹെന്‍കോക്കുമായി സേവനത്തിലേക്ക് തിരികെവരാമെന്ന് കരാര്‍ ഒപ്പുവച്ചു. ലോകത്താകമാനം ഇത്തരത്തില്‍ വിരമിച്ചവരും ജോലിയില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വരികയാണ്. എന്നാല്‍ ഇവര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളോ അവശ്യ സാധനങ്ങളോ എത്തിക്കാന്‍ അധികൃതര്‍ക്കാകാത്തതും ഈ പ്രതിരോധ കാലത്ത് കല്ലുകടിയാകുന്നുണ്ട്. ക്ലിനിക്കല്‍ വേസ്റ്റ് ബാഗ് കൊണ്ട് പി.പി.ഇ കിറ്റിന് പകരം ശരീരം മറച്ചു നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രവും ലോകത്തെ കണ്ണീരണിയിച്ചത് അടുത്ത ദിവസമാണ്.
ശ്വാസംവിടാതെ
വുഹാന്‍
കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ രോഗം ബാധിച്ചത് അഞ്ഞൂറിലധികം ആരോഗ്യപ്രവര്‍ത്തകരെയാണ്. 29 ശതമാനം രോഗബാധിതരും ആരോഗ്യപ്രവര്‍ത്തകരാണെന്ന കണക്കുകള്‍ ഞെട്ടലോടെയല്ലാതെ വായിച്ചെടുക്കാനാവില്ല. വുഹാനിലെ രോഗവ്യാപനത്തിന്റെ തോത് ഒരു രോഗിയില്‍ നിന്ന് പത്ത് ആരോഗ്യപ്രവര്‍ത്തകരും നാല് മറ്റ് രോഗികളും എന്ന രീതിയിലായിരുന്നു. രോഗം മൂര്‍ധന്യാവസ്ഥയിലായ യു.കെയില്‍ ഇത് നാല് രോഗികളില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്ന നിലയിലായി. എന്നാല്‍ ഇതിനൊന്നും ഈ മഹാമാരിയെ നേരിടാനൊരുങ്ങിയിറങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തിന് തടയിടാനായില്ല. ചൈനയുടെ നാനാഭാഗത്തെയും ആരോഗ്യപ്രവര്‍ത്തകരുടെ അക്ഷീണ പരിശ്രമം ഇപ്പോള്‍ ഇറ്റലിയിലും തുടരുകയാണ്.
ലോകം ഈ മഹാമാരിയെ നേരിടാനുള്ള യുദ്ധത്തില്‍ പൊരുതവേ, ജീവത്യാഗങ്ങള്‍ വാഴ്ത്തുപാട്ടുകളായി പടരവേ, വുഹാനിലെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന നഴ്‌സ് ലോങ് ക്യുഅലിങ് തന്റെ വരികളില്‍ ഇങ്ങനെ എഴുതി,
എന്റെ മുഖാവരണവും പ്രതിരോധ
വസ്ത്രങ്ങളുമുരിയാന്‍ അനുവദിക്കൂ,
എന്റെ പടച്ചട്ടയും മാംസവുമൊന്ന് വേര്‍തിരിക്കൂ,
ഞാനൊന്ന് ശാന്തമായ് നിലം പുല്‍കട്ടെ,
ഞാനൊന്ന് ശാന്തമായ് ശ്വാസമെടുക്കട്ടെ,
ആഹ്,
ഈ വാഴ്ത്തുപാട്ടുകള്‍ നിങ്ങളുടെയാണ്,
ഈ മുദ്രാഗീതങ്ങളും നിങ്ങളുടെയാണ്,
ഈ സംഘശക്തി, ഈ സന്നദ്ധസേവകര്‍,
എല്ലാം നിങ്ങളുടേത്.
ഞാനെന്റെ കര്‍ത്തവ്യം മുഴുമിപ്പിക്കട്ടെ,
ശാന്തിദൂതരുടെ ഉള്‍ക്കരുത്തായി മാറട്ടെ,
നഗ്‌നപാദരായി യുദ്ധഭൂവിലേക്കിറങ്ങട്ടെ,
നേരമില്ലിനി ജീവമൃത്യുക്കള്‍ക്കിടേ
നേരമില്ലിനി തെരഞ്ഞെടുപ്പുകള്‍ക്കും ചിന്തകള്‍ക്കും
അരുത്, എനിക്കായി പുഷ്പചക്രങ്ങള്‍,
കരഘോഷങ്ങള്‍
മാധ്യമങ്ങളേ, ലോക സേവകരേ,
എന്നെപ്പറ്റിയിനി ആകുലതകള്‍ വേണ്ട,
ആ നഗ്‌ന സത്യം, ആ കണക്കുകള്‍
എനിക്കില്ല സമയവും ഹൃദയവുമവയെ പിന്തുടരാന്‍
ഞാനെന്റെ മുഴുവന്‍ ദിനരാത്രങ്ങളും
ഇനി ഉറങ്ങട്ടെ, വിശ്രമിക്കട്ടെ
നിങ്ങളുടെ വാഴ്ത്തുപാട്ടുകളെക്കാളവയെനിക്കാവശ്യം
നിങ്ങള്‍ക്കാവുമെങ്കില്‍, പോകുക, കാണുക
ആ കത്തിയമര്‍ന്ന കൂരകളെ,
അവരുടെ ഹൃദയത്തില്‍ നിന്നുയരുന്ന പുകച്ചുരുളുകള്‍,
ആ ശ്മശാനഭൂവില്‍ ചിതറിക്കിടക്കുന്ന
ടെലഫോണുകളുടെ ഉടമകളെ.
ലോകശ്രദ്ധനേടി ക്യൂബ
കൊവിഡ്- 19 സംഹാര താണ്ഡവമാടുന്ന ഇറ്റലിയിലെ ലൊംബാര്‍ഡിലേക്ക് നഴ്‌സുമാരും ഡോക്ടര്‍മാരും ഒക്കെ അടങ്ങുന്ന 52 അംഗ ക്യൂബന്‍ സംഘം കഴിഞ്ഞ ദിവസം വന്നെത്തി. മറ്റു ലോകരാഷ്ട്രങ്ങള്‍ കൊറോണയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ മുഴുകുമ്പോള്‍, രോഗത്താല്‍ പൊരുതി മുട്ടിയിരിക്കുന്ന, ഒരു പരിധി വരെ രോഗത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്ന എന്നുപോലും പറയാവുന്ന ഇറ്റലിയിലേക്ക് ക്യൂബ തങ്ങളുടെ വിദഗ്ധ വൈദ്യസംഘത്തെ അയച്ചിരിക്കുന്നത്. ഈ സല്‍പ്രവൃത്തിയെ ലോകം തുറന്ന മനസോടെ അഭിനന്ദിക്കുകയും ക്യൂബയ്ക്ക് നന്ദി പറയുകയുമുണ്ടായി. അതേസമയം പൊതുജനാരോഗ്യത്തിന്റെ ക്യൂബന്‍ മോഡലിനെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ സാമൂഹ്യമണ്ഡലത്തില്‍ ഉയരുകയും ചെയ്തു.
ഞങ്ങളുടെ അടുക്കല്‍ ആണവായുധമില്ല, വലിയ സൈനിക ശേഷിയില്ല, പക്ഷേ ഞങ്ങളുടെ അടുക്കല്‍ ഡോക്ടര്‍മാരുണ്ടാകും എന്ന് പറഞ്ഞ ഫിദല്‍ കാസ്‌ട്രോ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ഭരണത്തിന് കീഴില്‍ വളര്‍ന്നു വന്ന ഒരു രാജ്യമാണ് ക്യൂബ. 2016 ല്‍ കാസ്‌ട്രോ അന്തരിച്ചുവെങ്കിലും, 1959 മുതല്‍ 2008 വരെ ഏതാണ്ട് അഞ്ചു പതിറ്റാണ്ടു കാലം ക്യൂബയുടെ ജീവാത്മാവും പരമാത്മാവും ഒക്കെ അദ്ദേഹം തന്നെയായിരുന്നു. ക്യൂബ ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയുടെ, വിശേഷിച്ചും, ആരോഗ്യ രംഗത്ത് അവര്‍ നേടി എന്ന് പറയപ്പെടുന്ന വളര്‍ച്ചയുടെ പൂര്‍ണ്ണ ക്രെഡിറ്റും കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ നല്‍കുന്നത് 'എല്‍ കമാന്‍ഡന്റെ' കോമ്രേഡ് ഫിദല്‍ കാസ്‌ട്രോക്ക് തന്നെയാണ്.
ക്യൂബയുടേത്
തള്ളാണോ?
അല്ലെന്നാണ് ഡോ. വാര്‍ണര്‍ പറയുന്നത്. അമേരിക്കന്‍ പൗരനാണ് വാര്‍ണര്‍. ക്യൂബയിലെ ഒരു മെഡിക്കല്‍ കോളജില്‍ ഏഴുവര്‍ഷത്തോളം വൈദ്യശാസ്ത്രം പഠിച്ച കാലത്തുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ആരോഗ്യരംഗത്ത് കാര്യമായ ശമ്പളമൊന്നും ഇല്ലാതിരുന്നിട്ടും ക്യൂബയിലെ ഡോക്ടര്‍മാര്‍ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസവും മര്യാദയും അനുകരണീയമാണ്. വളരെ മോശമാണ് ക്യൂബയിലെ ഡോക്ടര്‍മാരുടെ ശമ്പളം.
ആശുപത്രികളിലെ സൗകര്യങ്ങള്‍ പലപ്പോഴും കുറവാണ്. ആധുനിക ചികിത്സാ പരിശോധനാ സങ്കേതങ്ങള്‍ പല ആശുപത്രികളിലും ലഭ്യമല്ല. മരുന്നുകളും മറ്റുപകരണങ്ങളും ഒക്കെ ഓര്‍ഡര്‍ ചെയ്താല്‍ വരാന്‍ മാസങ്ങള്‍ എടുക്കും. ചിലപ്പോള്‍ കറണ്ടും വെള്ളവും വരെ മുടങ്ങാറുണ്ട് ആശുപത്രികളില്‍. സാഹചര്യങ്ങള്‍ പരമാവധി വിപരീതമായിരുന്നിട്ടും അവര്‍ തങ്ങളുടെ ജോലി വളരെ കൃത്യമായി നിര്‍വഹിക്കുന്നുണ്ട് എന്നത് പലപ്പോഴും അത്ഭുതകരമാണ്. ക്യൂബയിലെ യുവതീയുവാക്കള്‍ ഡോക്ടര്‍ ആകുന്നത് പണമുണ്ടാക്കാനുള്ള കൊതികൊണ്ടല്ല. സമൂഹത്തെ സേവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ പുറത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."