ഇരിട്ടി ഗ്രാമ ന്യായാലയം ഇന്ന് ഉദ്ഘാടനം ചെയ്യും
ഇരിട്ടി: ഇരിട്ടി കേന്ദ്രമാക്കി അനുവദിച്ച ഗ്രാമീണ കോടതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിക്കും.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി രവികുമാര്‍ അധ്യക്ഷനാകും. പി.കെ ശ്രീമതി എം.പി, അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ എന്നിവര്‍ വിഷ്ടാതിഥികള് ആയിരിക്കും. പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഇരിട്ടി കൂട്ടുപുഴ റോഡില്‍ കല്ലുമുട്ടിയിലെ ശിശുമന്ദിരത്തിന്റെ കെട്ടിടത്തിലാണ് കോടതിക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതും 50,000 പിഴ ലഭിക്കാവുന്നതുമായ കേസുകളാണ് ഇവിടെ പരിഗണിക്കുക. കോടതി ഭാഷ മലയാളമായിരിക്കും.
ശാരീരിക അവശതകള്‍ ഉള്ളവരുടെ കേസുകള്‍ വീടുകളിലെത്തിയും തീര്പ്പുകല്പ്പിക്കുവാനുള്ള സംവിധാനം ഒരുക്കും. അതിര്‍ത്തി തര്‍ക്കങ്ങളും മറ്റു പെറ്റികേസുകളും ഇവിടെ തീര്‍പ്പാക്കാനാവും. ഗ്രാമീണ കോടതി വരുന്നതിലൂടെ കോടതിയില്‍ കെട്ടിക്കിടക്കുന്ന മലയോര മേഖലയിലെ ജനങ്ങളുടെ കേസുകള്‍ക്ക് തീര്‍പ്പുണ്ടാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍. വാര്‍ത്താസമ്മേളനത്തില്‍ പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് മുന്‍ പഞ്ചായത്ത് മെമ്പെര്‍ രവീന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."