മണ്ണിട്ട് ഗതാഗതം തടഞ്ഞ നിലപാട് കര്‍ണാടകം തിരുത്തിയില്ലെങ്കില്‍ മലബാറില്‍ അവശ്യസാധനങ്ങള്‍ എത്തില്ല
കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തിറോഡുകളില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞ നിലപാട് കര്‍ണാടകം തിരുത്തിയില്ലെങ്കില്‍ മലബാറില്‍ അവശ്യസാധനങ്ങള്‍ എത്തില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അരിയും മറ്റ് ധാന്യങ്ങളും പച്ചക്കറിയും കോഴിമുട്ടയും എത്തുന്നത് കര്‍ണാടക വഴിയാണ്. മലബാറിലേക്ക് പ്രതിദിന ആവശ്യമുള്ള പച്ചക്കറികള്‍ മുഴുവനായും കര്‍ണാടകയിലെ മൈസൂരു ജില്ലയിലുള്ള എച്ച്.ഡി കോട്ട, ഗുണ്ടല്‍പേട്ട് എന്നിവടങ്ങളില്‍ നിന്നും ഹാസനില്‍ നിന്നുമാണ് എത്തുന്നത്. മലബാറിലേക്കുള്ള ആന്ധ്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അരിയും കര്‍ണാടക വഴിയാണ് എത്തുന്നത്. കുശാല്‍നഗറില്‍ നിന്നാണു വടക്കന്‍കേരളത്തില്‍ കോഴിമുട്ടയെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്ടെ അതിര്‍ത്തികളില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞ കര്‍ണാടക, കണ്ണൂര്‍- കൂട്ടുപുഴ അതിര്‍ത്തിയിലെ മാക്കൂട്ടം, ഗുണ്ടല്‍പേട്ട്, കുട്ട അതിര്‍ത്തികളില്‍ വെള്ളിയാഴ്ചയാണ് മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തിയത്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കര്‍ണാടകം ഇന്നലെ വൈകിട്ട് വരെ തയാറായിട്ടില്ല. റോഡില്‍ മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തിയതു കൊവിഡിനെതിരേയുള്ള ജാഗ്രതയുടെ ഭാഗമാണെന്നാണു കര്‍ണാടകയുടെ നിലപാട്. കാസര്‍കോടുമായി അതിര്‍ത്തിപങ്കിടുന്ന 11 റോഡുകളാണ് ആദ്യം കര്‍ണാടക മണ്ണിട്ട് അടച്ചത്. പിന്നാലെ കണ്ണൂര്‍-ബംഗളൂരു പാതയില്‍ മാക്കൂട്ടത്തും സമാനരീതിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞു. അപ്രതീക്ഷിതമായി ഗതാഗതം തടസപ്പെട്ടതോടെ റോഡിന് ഇരുഭാഗത്തുമായി നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങി. മാക്കൂട്ടത്ത് പതിനാലോളം മലയാളി കുടുംബങ്ങളും ഒറ്റപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി കേരളം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. കേരളത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായാണ് അതിര്‍ത്തികള്‍ അടയ്ക്കുന്നതെന്നായിരുന്നു വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."