ബോട്ട് മറിഞ്ഞ് 150 അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു; ഒരാള്‍ രക്ഷപ്പെട്ടു
സബ്രാദ(ലിബിയ): അഭയം തേടിയുള്ള അലച്ചിനിടയില്‍ ആഴക്കടലില്‍ പൊലിയുന്ന ജീവനുകള്‍ തുടര്‍ക്കഥയാവുന്നു. ചൊവ്വാഴ്ച രാത്രി മെഡിറ്ററേനിയന്‍ കടലിലുണ്ടായ അപകടമാണ് ഇതില്‍ അവസാനത്തേത്. നൈജീരിയ, മാലി, ഗാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഗാംബിയയില്‍ നിന്നുള്ള 16കാരന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ലിബിയയില്‍ നിന്ന് പുറപ്പെട്ട ബോട്ടില്‍ അഞ്ച് കുട്ടികളും ഗര്‍ഭിണികളുമടക്കം 150 ഓളം ആളുകള്‍ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട 16കാരന് പറയുന്നു. ലിബിയ വിട്ട് അല്പ സമയത്തിനകം തന്നെ ബോട്ട് മറിയുകയായിരുന്നു. ബോട്ടിലെ ഇന്ധനം നിറക്കുന്ന കാനില്‍ പിടിച്ചു നിന്നാണ് 16കാരന് രക്ഷപ്പെട്ടത്. രണ്ടു ദിവസം കടലില്‍ ഒഴുകി നടന്ന ഇയാളെ കോസ്റ്റ് ഗാര്‍ഡുകള്‍ രക്ഷിക്കുകയായിരുന്നു.
അതേ സമയം, ബോട്ടിലുള്ള മുഴുവന്‍ ആളുകളും മരിച്ചിരിക്കാനിടയില്ലെന്ന് ഇയാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടലില്‍ തെരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 1100 അഭയാര്‍ഥികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി കരക്കെത്തിച്ചത്. ഒരു മൃതശരീരവും കണ്ടെടുത്തു. ബുധനാഴ്ച 400 അഭയാര്‍ഥികളെ ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ടു കുട്ടികളും 16 സ്ത്രീകളും ഇതില്‍ ഉള്‍പെടുന്നു.
ഈ വര്‍ഷം മാത്രം 600 അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 4600 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."