കര്‍ണാടക സര്‍ക്കാരിന്റെ ക്രൂരത
കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ കൊവിഡ്- 19 മഹാമാരി ശമനമില്ലാതെ ലോകത്തൊട്ടാകെ പടര്‍ന്നുകഴിഞ്ഞു. ചൈനയില്‍ നിന്നാരംഭിച്ച ഈ രോഗം ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കയാണ്. ലോകത്താകെ ആറു ലക്ഷത്തിലധികം പേര്‍ രോഗബാധിതരായിക്കഴിഞ്ഞു. ഓരോ ദിവസം കഴിയുംതോറും ഇറ്റലിയിലും സ്‌പെയ്‌നിലും അമേരിക്കയിലുമായി ആയിരങ്ങളാണ് ഈയാംപാറ്റകള്‍ കണക്കെ മരിച്ചുവീഴുന്നത്.
വികസിത രാജ്യങ്ങള്‍ ഈ മഹാമാരിക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. പെരുകിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്കനുസൃതമായ ചികിത്സ നല്‍കാന്‍ കഴിയാതെ അവര്‍ മരിച്ചുകൊണ്ടിരിക്കുന്നതു നിസ്സഹായതയോടെ വികസിത രാജ്യങ്ങള്‍ക്കു കണ്ടുനില്‍ക്കേണ്ടി വരുന്നു. ഇത്തരമൊരവസ്ഥയില്‍ വികസ്വര രാഷ്ട്രമായ ഇന്ത്യയ്ക്ക് ഈ മഹാമാരി തടഞ്ഞുനിര്‍ത്തുക എന്നതു വെല്ലുവിളി തന്നെയാണ്.
ജനസംഖ്യയില്‍ ചൈനയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഇതുവരെ കൊവിഡ്- 19ന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്ന ഒരൊറ്റ ആശ്വാസമാണ് നമുക്കുള്ളത്. അതൊരു ആശ്വാസം മാത്രമാണുതാനും. കക്ഷിരാഷ്ട്രീയ, മത, സാമുദായിക ചിന്തകള്‍ മറന്ന് ഇന്ത്യ ഒറ്റക്കെട്ടായി ഈ രോഗത്തെ ഇതുവരെ ചെറുത്തു നിന്നതിന്റെ ഫലമായാണ് ഇങ്ങനെ ഒരു നേട്ടം ഇതുവരെ നമുക്കു കൈവരിക്കാന്‍ കഴിഞ്ഞത്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന നമ്മുടെ അനശ്വര മുദ്രാവാക്യത്തിന്റെ സാഫല്യം കൂടിയാണത്. മേലിലും നമുക്കിതിനു കഴിയേണ്ടതുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്ത ലോക്ക് ഡൗണ്‍ ഇന്ത്യന്‍ ജനത അക്ഷരാര്‍ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കി. കേരളം ഈ രംഗത്തു നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പലതവണ അഭിനന്ദിക്കുകയുമുണ്ടായി.
എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ നിലപാടാണ് തൊട്ടയല്‍പക്കത്തെ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് നമ്മുടെ സംസ്ഥാനം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശത്രുരാജ്യത്തോടെന്ന പോലെയാണ് ഈ കൊറോണക്കാലത്ത് കര്‍ണാടക കേരളത്തോടു പെരുമാറുന്നത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള റോഡുകള്‍ അതിര്‍ത്തികളില്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടുയര്‍ത്തി തടഞ്ഞിരിക്കുകയാണ്. ഒരാള്‍ പൊക്കത്തിലുള്ള മണ്‍കൂന കടന്നു കാല്‍നടയാത്ര പോലും അസാധ്യമായിരിക്കയാണ്. കാസര്‍കോട് ജില്ലയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള റോഡിലും കണ്ണൂര്‍ ജില്ലയിലെ മാക്കൂട്ടത്തു നിന്ന് കുടകിലേക്കുള്ള പാതയിലും വയനാട്ടിലെ മാനന്തവാടിയില്‍ നിന്ന് കുട്ടയിലേക്കുള്ള പാതയിലുമാണ് കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടു തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.
ഒരു പരിഷ്‌കൃത സമൂഹത്തിലെ സര്‍ക്കാരില്‍ നിന്ന് ഒരിക്കലുമുണ്ടാവാന്‍ പാടില്ലാത്ത ക്രൂര നടപടിയായിപ്പോയി ഇത്. ഇതിനെക്കുറിച്ചു സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പലവട്ടം കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ ഫോണില്‍ വിളിച്ചിട്ടും അദ്ദേഹമത് അവഗണിക്കുകയായിരുന്നു. നേരത്തെ കര്‍ണാടക ചീഫ് സെക്രട്ടറിയും നമ്മുടെ ചീഫ് സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തി അതിര്‍ത്തിയില്‍ നിന്ന് മണ്ണു നീക്കാന്‍ ധാരണയായതാണ്. അതു നടപ്പാകാതെ വന്നപ്പോഴാണു യെദ്യൂരപ്പയെ നമ്മുടെ മുഖ്യമന്ത്രി വിളിച്ചത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവന്നതാണ്. അതനുസരിച്ചു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതുമായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
കേരളം സമ്പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമാണ്. ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള വസ്തുക്കള്‍ക്കു കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പച്ചക്കറികള്‍ കര്‍ണാടകയില്‍ നിന്നാണ് ഏറിയ പങ്കും വരുന്നത്. പച്ചക്കറിക്കടകളിലെല്ലാം സ്റ്റോക്ക് തീര്‍ന്നു തുടങ്ങി. ഉള്ളതിനാണെങ്കില്‍ തീവിലയും.
അതിര്‍ത്തി തടയുന്നത് കൊവിഡ് വ്യാപനം തടയാന്‍ വേണ്ടിയാണെന്ന വിചിത്ര വിശദീകരണമാണ് കുടക് ജില്ലാ ഭരണകൂടം നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാക്കൂട്ടം- കൂട്ടുപുഴ അതിര്‍ത്തിയില്‍ മണ്ണിട്ടു റോഡ് അടച്ച തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന ക്രൂരമായ തീരുമാനമെടുത്തിരിക്കുകയാണ് കുടക് ജില്ലാ ഭരണകൂടം.
മുത്തങ്ങ വഴിയാണിപ്പോള്‍ അവശ്യസാധനങ്ങള്‍ കൊണ്ടുവരാന്‍ കര്‍ണാടകയിലേക്കു കേരളത്തില്‍ നിന്ന് ചരക്കുലോറി പോകുന്നത്. അതാകട്ടെ ഒരു ദിവസം 60 ലോറി എന്ന കണക്കില്‍ പരിമിതപ്പെടുത്തിയിരിക്കുകയുമാണ്. ഇങ്ങനെ പോകണമെങ്കില്‍ പാസും വേണം. കാര്യങ്ങള്‍ ഇങ്ങനെയാണു പോകുന്നതെങ്കില്‍ മലബാറില്‍ അവശ്യസാധനങ്ങള്‍ എത്തുകയില്ല. ആന്ധ്രയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള അരിയടക്കം കാസര്‍കോടു മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തുന്നത് കര്‍ണാടക വഴിയാണ്. ഇതെല്ലാം ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
ഇതിനൊക്കെ പുറമെ രോഗികളുമായി പോകുന്ന ആംബുലന്‍സുകളും അതിര്‍ത്തിയില്‍ തടയുകയാണ്. മംഗളൂരു കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ സ്ഥിരമായി ചികിത്സയ്ക്കു പോകുന്ന കാസര്‍കോട്ടുകാരും കണ്ണൂര്‍ സ്വദേശികളുമാണ് ഇതുമൂലം കഷ്ടത്തിലായിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കഴിഞ്ഞ ദിവസം തടഞ്ഞതിനാല്‍ ആംബുലന്‍സില്‍വച്ചു തന്നെ അവര്‍ മരിച്ചു. ബസ്വാള്‍ സ്വദേശി പാത്തുഞ്ഞിയാണ് കര്‍ണാടക അധികൃതരുടെ ക്രൂരത മൂലം വഴിയില്‍ മരിച്ചത്. കണ്ണൂരിലെയും കാസര്‍കോട്ടെയും ബഹുഭൂരിഭാഗം ജനങ്ങളും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് കര്‍ണാടകയെയാണ്. കൊവിഡ് വ്യാപന കാരണം പറഞ്ഞ് കര്‍ണാടക ഇതൊക്കെ തടഞ്ഞുവച്ചിരിക്കയാണ്.
കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ സര്‍ക്കാരും കേരള ജനതയും ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ കുത്സിത പ്രവര്‍ത്തനങ്ങളെക്കൂടി നേരിടേണ്ടിവരുന്ന ഒരവസ്ഥയാണു സംസ്ഥാന സര്‍ക്കാരിന് അഭിമുഖികരിക്കേണ്ടി വന്നിരിക്കുന്നത്. എത്രയും പെട്ടെന്നു കര്‍ണാടക സര്‍ക്കാര്‍ ദ്രോഹകരമായ വഴിതടയല്‍ തീരുമാനം പിന്‍വലിക്കുന്നില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക. അതിന്റെ പൂര്‍ണ ഉത്തരവാദി കര്‍ണാടക സര്‍ക്കാരായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."